അഞ്ജു അഷറഫ്-
കൊച്ചി:
പ്രശസ്ത മിമിക്രി കലാകാരനും ചലച്ചിത്ര നടനുമായ കലാഭവന്‍ നവാസിന്റെയും നടി രഹ്നയുടെ മകള്‍ നഹറിന്‍ നവാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് 'കണ്‍ഫെഷന്‍സ് ഓഫ് എ കുക്കൂ'. വര്‍ത്തമാനകാല സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട അതീവ ഗൗരവ പ്രാധാന്യമുള്ള സാമൂഹ്യ വിഷയമാണ് സിനിമ ഉയര്‍ത്തിക്കൊണ്ടു വരുന്നത്.
ഒരു അനാഥാലയത്തില്‍ താമസിക്കുന്ന സമപ്രായക്കാരായ രണ്ടു പെണ്‍കുട്ടികള്‍. അവരിലൊരാളാണ് നസീമ. ചെറിയ പ്രായത്തില്‍ നസീമ അഭിമുഖീകരിക്കുന്ന വലിയ പ്രശ്നങ്ങളാണ് സിനിമയുടെ പ്രമേയം. അഭിനയ കലയുടെ വൈവിധ്യമായ തലങ്ങളിലേക്ക് എത്തിച്ചേരുന്ന ശക്തമായ ഒരു കഥാപാത്രമാണ് കൂക്കൂവിലെ നസീമ.
മാതാപിതാക്കളുടെ വഴിയെ ചലച്ചിത്രവേദിയില്‍ എത്തിയ നഹറിന്‍ നവാസ് ആ കഥാപാത്രത്തെ കയ്യൊതുക്കത്തോടെ മികച്ച രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു എന്നാണ് സിനിമയുമായി ബന്ധപ്പെട്ട് പൊതുവേയുള്ള അഭിപ്രായം. തേവക്കല്‍ വിദ്യോദയ സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് നഹറിന്‍ നവാസ്. പാട്ട്, നൃത്തം, നാടകം തുടങ്ങി സ്കൂള്‍ പ്രോഗ്രാമുകളില്‍ പങ്കെടുക്കാറുണ്ടെങ്കിലും കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത് പഠിത്തത്തിന് തന്നെയാണ്. പഠിത്തം കഴിഞ്ഞുള്ള സമയം നഹറിന്‍ കലാരംഗത്തുണ്ട്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു വെക്കേഷന് സമയത്താണ് കുക്കൂവിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്.
സിനിമയെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലാത്ത നേരത്ത് വളരെ അപ്രതീക്ഷിതമായാണ് കുക്കൂവില് അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. സിനിമയുടെ തിരക്കഥാകൃത്ത് ദിനേശ് നീലകണ്ഠന്, കലാഭവന്‍ നവാസിന്റെ സുഹൃത്താണ്. പരസ്യചിത്രങ്ങളും ഡോക്യുമെന്ററികളും ചെയ്തിട്ടുള്ള ജയ് ജിതിന് പ്രകാശാണ് സംവിധായകന്. തിരക്കഥാകൃത്തും സംവിധായകനും കൂടി നവാസിന്റെ വീട്ടിലെത്തി കഥ പറഞ്ഞു. കഥ ഇഷ്ടപ്പെടുകയും സ്കൂള്‍ അവധിക്കാലമായതും അനുകൂല ഘടകങ്ങളായി.
സിനിമയില്‍ മുമ്പ് അഭിനയിച്ചിട്ടില്ലെങ്കിലും നഹ്റിന്റെ കോണ്‍ഫിഡന്‍സാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. പ്രതീക്ഷിച്ചതിലും ഭംഗിയായി കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് നഹ്റിന്റെ വിജയം. ട്വന്റിത്രീ ഫീറ്റ് എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ അര്ജുന് എച്. രവീന്ദ്രന് നിര്‍മ്മിക്കുന്ന സിനിമയാണ് 'കണ്‍ഫഷന്‍സ് ഓഫ് എ കുക്കൂ'.