സി എന്‍ എ-
കൊച്ചി:
സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2വിന്റെ ടീസര്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു.
ഏഴ് വര്‍ഷത്തിന് ശേഷമാണ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് രണ്ടാം ഭാഗവുമായി അണിയറ പ്രവര്‍ത്തകര്‍ എത്തുന്നത്.
ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച കഥാപാത്രത്തിന് രണ്ടാം ഭാഗത്തില്‍ എന്തു സംഭവിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
പുതുവര്‍ഷ ദിനത്തില്‍ ആമസോണ്‍ പ്രൈമില്‍ പുറത്തിറങ്ങിയിരിക്കുന്ന ടീസര്‍ മണിക്കുറുകള്‍ക്കകം നാലര ലക്ഷത്തിലധികം ആളുകളാണ് യൂടൂബിലൂടെ കണ്ടിരിക്കുന്നത്.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റിലീസിന് മുന്നോടിയായി ആരാധകരില്‍ ആവേശം സൃഷ്ടിക്കാന്‍ മോഹന്‍ലാലിനൊപ്പം ചേര്‍ന്നാണ് ആമസോണ്‍ പ്രൈം ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്.
2021 ല്‍ ആമസോണ്‍ പ്രൈം വീഡിയോയുടെ ലോക പ്രീമിയറില്‍ ദൃശ്യം2 റിലീസ് ചെയ്യുന്നു എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടന്‍ സിനിമ സ്ട്രീം ചെയ്ത് തുടങ്ങും എന്നാണ് സൂചന.
240 രാജ്യങ്ങളില്‍ ഒരേ സമയം ചിത്രം സ്ട്രീമിംഗിലൂടെ കാണാനാകുമെന്നാണ് ആമസോണ്‍ ഇന്ത്യ കണ്ടന്റ് ഹെഡ് വിജയ് സുബ്രഹ്മണ്യം പറയുന്നത്.
അതേ സമയം ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തിനെതിരെ തീയറ്ററുടമകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്.
തീരുമാനം ഞെട്ടലുണ്ടാക്കിയെന്ന് കേരള ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചു.
46 ദിവസം കൊണ്ടാണ് ദൃശ്യം ടുവിന്റെ ചിത്രീകരണം പൂര്‍ത്തിയായത്. ഷൂട്ടിംഗിനായി 56 ദിവസം ആയിരുന്നു പ്ലാന്‍ ചെയ്തിരുന്നതെങ്കിലും പത്തു ദിവസം മുമ്പേ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി സംവിധായകന് ജീത്തു ജോസഫ് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കടുത്ത നിയന്ത്രണങ്ങളോടെയായിരുന്നു സിനിമയുടെ ചിത്രീകരണം.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തിലുണ്ടായിരുന്ന മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും വേഷമിടുന്നുണ്ട്.
മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അന്‍സിബ ഹസ്സന്, എസ്തര് അനില്‍, സായികുമാര്‍, കെ.ബി ഗണേഷ് കുമാര്‍, ജോയ് മാത്യു, അനീഷ് ജി നായര്‍, അഞ്ജലി നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
കൊവിഡിനു ശേഷം മോഹന്‍ലാല്‍ അഭിനയിച്ച ആദ്യ സിനിമ എന്ന നിലയിലും ദൃശ്യം 2 ശ്രദ്ധ നേടിയിരുന്നു.