സി എന്‍ എ-
കൊച്ചി:
സാധാരണ മനുഷ്യരുടേയും ഒരിടത്തരം ഗ്രാമത്തിന്റേയും പശ്ചാത്തലത്തിലൂടെ പൂര്‍ണ്ണമായും ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമ അണിയിച്ചൊരുക്കുകയാണ് തിരക്കഥാകൃത്ത് കൂടിയായ അമല്‍ കെ. ജോബി 'എതിരെ' എന്ന ആദ്യ ചിത്രത്തിലൂടെ.
പ്രശസ്ത സംവിധായകനായ കെ മധുവിന്റെ 'ബാങ്കിംഗ് ഹവേഴ്സ് 104' എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ച് രംഗത്തെത്തിയ അമല്‍ കെ ജോബി സംവിധാന രംഗത്തേക്ക് എത്തുകയാണ് ഈ ചിത്രത്തിലൂടെ.
ഒരു ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ഈ ചിത്രത്തില്ലൂടെ അവതരിപ്പിക്കുന്നത്.
സാധാരണ മനഷ്യരുടെ ജീവിതത്തിനിടയിലൂടെ ഇത്തരമൊരു ത്രില്ലര്‍ സിനിമ വേറിട്ട ഒരനുഭവം തന്നെയായിരിക്കും സമ്മാനിക്കുക.
മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുകെട്ടിലെ 'റാം' എന്ന ചിത്രം നിര്‍മ്മിക്കുന്ന അഭിഷേക് ഫിലിംസാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്.
രമേഷ് പി. പിള്ളയാണ് നിര്‍മ്മാതാവ്.
ഒരു പിടി മികച്ച ചിത്രങ്ങളാണ് അഭിഷേക് ഫിലിംസിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.
റഹ്മാന്, ഗോകുല്‍ സുരേഷ് ഗോപി, വിജയ് നെല്ലീസ്, മണിയന് പിള്ള രാജു, ശാന്തികൃഷ്ണാ, ഇന്ദ്രന്‍സ്, ഡോ. റോണി എന്നിവര്‍ ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
അമല്‍ കെ. ജോബി, അമല്‍ദേവ് കെ. ആര്. എന്നിവരുടെ കഥക്ക് പ്രശസ്ത തിരക്കഥാകൃത്ത് സേതു തിരക്കഥ രചിക്കുന്നു.
സംഗീതം- കേദാര്‍. വിഷ്ണുനാരായണന്‍ ഛായാഗ്രഹണവും നിഖില്‍ വേണു എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- കുടമാളൂര്‍ രാജാളി, നിര്‍മ്മാണ നിര്‍വ്വഹണം- അലക്സ് ഇ. കുര്യന്.
മെയ് രണ്ടാം വാരത്തില്‍ തൊടുപുഴയിലും പരിസരങ്ങളിലുമായി ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
- വാഴൂര്‍ ജോസ്.