സി എന്‍ എ-
കൊച്ചി:
ഒടിടി പ്ലാറ്റ്ഫോമില്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന പ്രോഗ്രാമുകള്‍ക്കും അവാര്‍ഡ് നല്‍കാനൊരുങ്ങുകയാണ് ഫിലിം ഫെയര്‍. ഇത്തവണ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത സീരീസ്, സിനിമകള്‍, അഭിനേതാക്കള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ അവാര്‍ഡ്നല്‍കും. കൊവിഡ് സാഹചര്യത്തില്‍ ഒടിടി സീരിസിനോടും സിനിമകളോടും ജനങ്ങള്‍ക്കുണ്ടായ താത്പര്യം പരിഗണിച്ചാണ് ഒടിടി അവാര്‍ഡ് നല്കാന് തീരുമാനിച്ചതെന്ന് ഫിലിംഫെയര്‍ വ്യക്തമാക്കുന്നു.
ഫ്ളൈഎക്സ് ഫിലിം ഫെയര്‍ ഒടിടി അവാര്‍ഡ്സില്‍ 30 കാറ്റഗറികളാണുള്ളത്. ഇതില്‍ മലയാളത്തിനും അഭിമാനിക്കാന്‍ ചെറിയ വകയുണ്ട്. റോഷന് മാത്യു, നീരജ് മാധവ്, നിത്യ മേനോന് തുടങ്ങിയവര്‍ക്കു നോമിനേഷനുകള്‍ ലഭിച്ചിട്ടുണ്ട്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത 'ചോക്ഡ്' എന്ന സിനിമയിലെ പ്രകടനത്തിലൂടെയാണ് മികച്ച നടനുള്ള നോമിനേഷനില്‍ റോഷന് മാത്യു ഇടം നേടിയത്. മനോജ് ബാജ്പേയി, പ്രിയാമണി എന്നിവരോടൊപ്പം 'ഫാമിലിമാന്' എന്ന വെബ് സീരീസിലെ അഭിനയത്തിനാണ് മികച്ച സഹനടനുള്ള നോമിനേഷനില്‍ നീരജ് മാധവ് ഇടം പിടിച്ചത്. അഭിഷേക് ബച്ചനോടൊപ്പം 'ബ്രീത്' എന്ന വെബ് സീരീസിലെ അഭിനയത്തിനാണ് നടി നിത്യ മേനോന് മികച്ച നടിയ്ക്കുള്ള നോമിനേഷന് ലഭിച്ചത്.
മികച്ച നടന്, നടി, സംവിധായകന് എന്നീ വിഭാഗങ്ങളോടൊപ്പം മികവ് പുലര്‍ത്തിയ മേക്കപ്പ്, വസ്ത്രാലങ്കാരം, ഛായാഗ്രാഹണം, എഡിറ്റിംങ് തുടങ്ങി ടെക്നീഷ്യന്സിനുള്ള അവാര്‍ഡും നല്‍കുന്നുണ്ട്. കോമഡി പ്രോഗ്രാമുകള്‍ക്കും അവാര്‍ഡുണ്ട്. മികച്ച ഹാസ്യ നടന്, നടി, സീരീസ്, സിനിമ തുടങ്ങിയ വിഭാഗങ്ങളില്‍ നോമിനേഷനുകളുണ്ട്. വോട്ടുകളുടെ അടിസ്ഥാനത്തിലാണ് വിജയികളെ തീരുമാനിക്കുന്നത്.