അഞ്ജു അഷറഫ്-
തിരു:
ആദ്യകാല മിമിക്രി കലാകാരനും സിനിമ പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ജെപി മണക്കാട് പ്രമുഖ താരങ്ങള്‍ക്കൊപ്പം ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ആദ്യത്തെ പെണ്ണ്' എന്ന സിനിമയുടെ ഒന്നാംഘട്ട ചിത്രീകരണം തിരുവനന്തപുരത്ത് പൂര്‍ത്തിയായി. പ്രൊഡക്ഷന്‍ മാനേജറായും എക്സിക്യൂട്ടീവായും പ്രൊഡക്ഷന്‍ കണ്ട്രോളറായും 140 ഓളം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള കലാകാരനാണ് ജെപി. മിമിക്രി വേദിയില്‍ നില്ക്കുമ്പോള് അഭിനയം തലക്കുപിടിച്ചു സിനിമയിലെത്തുകയും പിന്നീട് പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റിലേക്ക് കടന്ന് കുറച്ച് സിനിമകളില്‍ മുഖം കാണിക്കുകയും ചെയ്തു. പക്ഷേ അതെല്ലാം പ്രൊഡക്ഷന്‍ വര്‍ക്കിന് ഇടയില്‍ വീണുകിട്ടുന്ന ചെറിയ സംഭവങ്ങള്‍ മാത്രമായിരുന്നു. അഭിനയിക്കാന്‍ പോയാല്‍ പ്രൊഡക്ഷന്‍ കാര്യങ്ങള്‍ കുഴപ്പത്തിലാകുമെന്ന ഭയം കൊണ്ടാണ് ആ വഴിക്ക് ചിന്തിക്കാരുന്നത്. അന്നത്തെ നിലപാടില്‍ മാറ്റം വരുത്തിയിരുന്നെങ്കില്‍ ഒരുപക്ഷേ നല്ല വേഷങ്ങള്‍ ചെയ്ത് അഭിനയവേദിയില്‍ നിലയുറപ്പിക്കാന്‍ കഴിയുമായിരുന്നു. ചെറുപ്പം മുതല്‍ സിനിമ ആഗ്രഹിച്ചു മിമിക്രിയും മോണോ ആക്റ്റും പരിശീലിച്ച് സ്കൂള്‍ കലാമത്സരങ്ങളില്‍ സ്ഥിരമായി പങ്കെടുക്കാറുള്ള ജെപി പഠനകാലം കഴിഞ്ഞപ്പോള്‍ ഇതൊരു തൊഴിലായി സ്വീകരിക്കുകയായിരുന്നു. അക്കാലത്തു നിരവധി വേദികളില്‍ മിമിക്രി അവതരിപ്പിച്ചു. കാഥികന് വി സാംബശിവന്, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, കെ പി ഉമ്മര്‍, പ്രേംനസീര്‍ ഇവരെയൊക്കെ അനുകരിച്ച് കയ്യടി നേടിയ ജെപി കാര്യവട്ടം ശശികുമാറിന്റെ സ്റ്റേജ് പ്രോഗ്രാമുകളില്‍ സജീവസാന്നിധ്യമായിരുന്നു. വി. സാംബശിവന്റെ ശബ്ദം ആദ്യമായി മിമിക്രി വേദിയില്‍ അനുകരിച്ചത് ജെപി മണക്കാടാണ്. കെ.പി. ഉമ്മറിന്റെ ശബ്ദം ജെപിയുടെ മാസ്റ്റര്‍പീസ് ആയിരുന്നു. കെ.പി. ഉമ്മര്‍ ഇരിക്കുന്ന വേദിയില്‍ മിമിക്രി അവതരിപ്പിച്ച് അദ്ദേഹത്തിന്റെ കൈയില്‍നിന്ന് സ്വര്‍ണ്ണ മോതിരം സമ്മാനമായി ലഭിച്ചിട്ടുള്ള കലാകാരനാണ് ജെപി. സിനിമയില്‍ എത്തിയതോടെ തട്ടകം മാറി, പിന്നീട് നിലനില്‍പ്പിനായുള്ള പോരാട്ടമായിരുന്നു. 27 വര്‍ഷത്തെ ചലച്ചിത്ര ജീവിതം ജെപി എന്ന ചെറിയ മനുഷ്യനെ സാമ്പത്തികമായി കരകയറ്റിയില്ലെന്ന് മാത്രമല്ല നൊമ്പരങ്ങള്‍ കൂടപ്പിറപ്പായി മാറുകയും ചെയ്തു. കുടുംബ ജീവിതം വഴിമുട്ടി നില്ക്കുന്ന പ്രതിസന്ധിഘട്ടത്തിലും ഉള്ളിലെ കരച്ചില് പുറത്തു കേള്‍പ്പിക്കാതെ ചിരിച്ചും ചിരിപ്പിച്ചും പോരാടുകയാണ് ഈ മനുഷ്യന്. 'ആദ്യത്തെ പെണ്ണ്' എന്ന സിനിമയില്‍ നല്ലൊരു വേഷമാണ് ലഭിച്ചിരിക്കുന്നതെന്നും നടനെന്ന നിലയില്‍ തന്റെ തലവര തന്നെ മാറ്റാവുന്ന കഥാപാത്രമാണ് ഇതെന്നും ജെപി പറയുന്നു.