ഇന്റര്‍നാഷണല്‍ ഡെസ്ക്-
ബഹാമസ്:
അതിസാഹസിക കഥാപാത്രമായ ജയിംസ് ബോണ്ടിനെ അനശ്വരമാക്കിയ സര് ഷോണ്‍ കോണറി(90) അന്തരിച്ചു. എഡിന്‍ബറയിലെ ചേരിയിലാണ് കോണറി വളര്‍ന്നത്. അഭിനയ ജീവിതം ആരംഭിക്കുന്നതിന് മുന്‍പ് പാല് വില്പന, ലൈഫ് ഗാര്‍ഡ്, ശവപ്പെട്ടിക്കടയിലെ ജീവനക്കാരന് തുടങ്ങിയ പല തൊഴിലുകളും അദ്ദേഹം ചെയ്തു. ബോഡി ബില്‍ഡിങ് ചെയ്തിരുന്നു അദ്ദേഹത്തിന് അത് സിനിമയിലെത്താന്‍ സഹായകരമായി. ജെയിംസ് ബോണ്ടിനെ അവതരിപ്പിച്ച ആദ്യ നടനായിരുന്നു സര് ഷോണ്‍ കോണറി. ഏഴ് ബോണ്ട് ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. ബ്രിട്ടീഷ് സീക്രട്ട് ഏജന്റായ കഥാപാത്രമായ ജെയിംസ് ബോണ്ടിനെ അവതരിപ്പിച്ച അദ്ദേഹം നാല് പതിറ്റാണ്ടിലധികം വെള്ളിത്തിരയില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന താരമാണ്. 'ദ അണ്‍ടച്ചബിള്‍സ്', 'മര്‍നി', 'മര്‍ഡര്‍ ഓണ്‍ ഓറിയന്റ് എക്സ്പ്രസ്', 'ദി മാന്‍ ഹു വുഡ് ബി കിംഗ്', 'ദ നെയിം ഓഫ് റോസ്', 'ഹൈലാന്‍ഡര്‍', 'ഇന്ത്യാന ജോണ്‍സ് ആന്‍ഡ് ഗ ലാസ്റ്റ് ക്രൂസേഡ്', 'ദി ഹണ്ട് ഫോര്‍ റെഡ് ഒക്ടോബര്‍', 'ഡ്രാഗണ്‍ഹാര്‍ട്ട്', 'ഫൈന്‍ഡിങ് ദി റോക്ക് ഫോറസ്റ്റര്‍,' എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍.
നോവലിസ്റ്റ് ഇയാന്‍ ഫ്ലെമിംഗ് സൃഷ്ടിച്ച ജെയിംസ് ബോണ്ട് കഥാപാത്രത്തെ 1962 ല്‍ ഇറങ്ങിയ 'ഡോക്ടര്‍ നോ' എന്ന ചിത്രത്തിലാണ് ആദ്യമായി അദ്ദേഹം അഭിനയച്ചത്. 'ഫ്രം റഷ്യ വിത്ത് ലവ്'(1963), 'ഗോള്‍ഡ് ഫിംഗര്‍'(1964), 'തണ്ടര്‍ബോള്‍'(1965), 'യു ഒണ്‍ലി ലൈവ് ടൈ്വസ്'(1967) തുടങ്ങിയ ബോണ്ട് സിനിമകളിലും തുടര്‍ന്ന് അദ്ദേഹം അഭിനയിച്ചു.
1989ല്‍ പീപ്പിള്‍ മാഗസിന് അദ്ദേഹത്തെ 'ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏറ്റവും സെക്സി മനുഷ്യന്' എന്ന് പ്രഖ്യാപിക്കുമ്പോള്‍ അദ്ദേഹത്തിന് 59 വയസ്സായിരുന്നു.
'ദ അണ്‍ടച്ചബിള്‍സ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അക്കാദമി അവാര്‍ഡ് അദ്ദേഹം നേടി. അഞ്ച് പതിറ്റാണ്ട് നീണ്ട് അഭിനയ ജീവിതത്തില്‍ രണ്ട് ബാഫ്ത അവാര്‍ഡുകളും മൂന്ന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങളും സര് ഷോണ്‍ കോണറി നേടി. ഒട്ടേറെ ആനിമേഷന്‍ സിനിമകളിടെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയും കോണറി സിനിമാപ്രേക്ഷകരുടെ മനസ്സില്‍ ശ്രദ്ധനേടിയിരുന്നു.
2003ല്‍ ഇറങ്ങിയ 'ദ ലീഗ് ഓഫ് എക്സ്ട്രാഡറിനറി ജെന്റില്‍മെന്‍' ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. ചിത്രത്തിന്റെ സംവിധായകനുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അദ്ദേം സിനിമകളില്‍ നിന്ന് വിരമിക്കുകയായിരുന്നു.