ന്യൂസ് ഡെസ്ക്-
എരുമേലി:
നടന് ദിലീഷ് പോത്തന് സംവിധാനം ചെയ്യുന്ന 'ജോജി' യുടെ ഷൂട്ടിങ് ഇന്ന് രാവിലെ എരുമേലിയില്‍ ആരംഭിച്ചു. ഫഹദ് ഫാസിലാണ് നായകന്. ശ്യാം പുഷ്കരന് തിരക്കഥഎഴുതുന്നു. നടനെന്ന നിലയില്‍ ശ്രദ്ധേയനായ ദിലീഷ് പോത്തന് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. 2016 ല്‍ 'മഹേഷിന്റെ പ്രതികാരം' 2017 ല്‍ 'തൊണ്ടിമുതലും ദൃക്സാക്ഷിയും' 2021ല്‍ 'ജോജി'. ഈ മൂന്നു ചിത്രത്തിലും ഫഹദ് ഫാസിലാണ് നായകന്. മഹേഷിന്റെ പ്രതികാരത്തിന് തിരക്കഥ എഴുതിയ ശ്യാം പുഷ്കരന് 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന സിനിമക്ക് സംഭാഷണം എഴുതുകയും സംവിധായകനായ ദിലീഷ് പോത്തനെ അസോസിയേറ്റ് ചെയ്യുകയും ചെയ്തു. സംവിധായകന് ആഷിക് അബുവിന്റെ ക്രിയേറ്റീവ് സംഘത്തിലെ പ്രധാന അംഗങ്ങളാണ് ദിലീഷ് പോത്തനും ശ്യാം പുഷ്കരനും. ആഷിക് അബു സംവിധാനം ചെയ്ത ആറു സിനിമകളുടെ പിന്നില്‍ തിരക്കഥാകൃത്തെന്ന നിലയില്‍ ശ്യാം പുഷ്കരന് ഉണ്ടായിരുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന് സംവിധാനം ചെയ്ത 'മഹേഷിന്റെ പ്രതികാരം' 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്നീ സിനിമകള്‍ മലയാളത്തിലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടുകയുണ്ടായി. ഫഹദ് ഫാസില്‍ ദിലീഷ് പോത്തന് ശ്യാം പുഷ്കരന് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന സിനിമ അവര്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. ഭാവന സ്റ്റുഡിയോസ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ് എന്നീ ബാനറില്‍ മൂന്നുപേരും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് 'ജോജി'. ഇവര്‍ നിര്‍മ്മിച്ച ആദ്യ ചിത്രം 'കുമ്പളങ്ങി നൈറ്റ്സ്' ആണ്.
ഫഹദ് ഫാസിലിനെ കൂടാതെ ബാബുരാജ്, ഉണ്ണിമായ എന്നിവരും പുതുമുഖങ്ങളും പുതിയ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചായാഗ്രഹണം- ഷൈജു ഖാലിദ്, എഡിറ്റിംഗ്- കിരണ്‍ ദാസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ദാസ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍- മസ്ഹര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബെന്നി കട്ടപ്പന.