സി എന്‍ എ-
കൊച്ചി:
'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്', 'ഇബിലീസ്' എന്നീ സിനിമകള്‍ക്ക് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന സിനിമയാണ് 'കള'. 'കള'യുടെ ചിത്രീകരണം പൂര്‍ത്തിയായി. മനുഷ്യന്റെ പരിണാമത്തിലൂന്നിയ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണിത്.
ചിത്രീകരണത്തിനിടെ വയറിനുള്ളിലെ രക്തക്കുഴലിനേറ്റ മുറിവ് കാരണം ടൊവിനോ ഐ.സി.യു.വില്‍ പ്രവേശിപ്പിക്കപ്പെടുകയും പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ അധികം വൈകാതെ ആശുപത്രി വിടുകയും ചെയ്തിരുന്നു.
'സിനിമയെ ഒരു പോലെ സ്നേഹിക്കുന്ന ചങ്ങാതിമാരുടെ കഠിനമായ പ്രയത്നമായിരുന്നു 'കള'യെന്ന് ടൊവിനോ തോമസ് പറഞ്ഞു. 'വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമ സ്വപ്നമാക്കിയപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ക്കൊപ്പമാണ് 'കള' എന്ന സിനിമ. സിനിമ ചര്‍ച്ച ചെയ്യുകയും ഷോര്‍ട്ട് ഫിലിമുകള്‍ ഒരുക്കുകയും ചെയ്തിരുന്ന ഞങ്ങള്‍ ഒരുമിച്ചൊരു സിനിമ പൂര്‍ത്തിയാക്കി. സിനിമയോടുള്ള അഭിനിവേശവും പരസ്പര വിശ്വാസവുമാണ് ഈ സ്വപ്നം സാധ്യമാക്കിയത്', എന്നാണ് ടൊവിനോ തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ടൊവിനോയെ കൂടാതെ ലാല്‍, ദിവ്യ പിള്ള, സുമേഷ് മൂര്‍ എന്നിവരും മുഖ്യ കഥാപാത്രങ്ങള്‍ ചെയ്യുന്നു. ബാസിഗര്‍ എന്ന പേരുള്ള നായയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാകുന്നുണ്ട്. ടൊവിനോയും ജൂവിസ് പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മ്മാണം.