മനോജ് പി.ടി.-
പയ്യന്നൂര്‍:
'കറ' എന്ന ഹ്രസ്വ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി മാധ്യമപ്രവര്‍ത്തകനും യുവ എഴുത്തുകാരനുമായ സതീശന് കടന്നപ്പള്ളി എഴുതി സംവിധാനം ചെയ്യുന്ന, അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രമാണ് 'കറ'. ചലച്ചിത്ര നാടക സാഹിത്യ മേഖലകളില്‍ പ്രശസ്തരായ 12 സാംസ്കാരിക പ്രവര്‍ത്തകരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്ററും, യൂട്യൂബ് ചാനല്‍ ആയ RISHIRUD FILMS ന്റെ ലോഗോയും പുറത്തിറക്കിയത്. ആര്‍ഭാടങ്ങളോ വലിയ ബജറ്റോ ഇല്ലാതെ നിര്‍മ്മിച്ച കൊച്ചു സിനിമയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിമുക്തി മിഷനും സഹകരിക്കുന്നുണ്ട്.
സ്വന്തം ശരികേടുകള്‍ ഭദ്രമായി ഒളിപ്പിച്ചുവെച്ച് ശരിയെപ്പറ്റി സംസാരിക്കുകയും മറ്റുള്ളവരുടെ തെറ്റുകളെ പര്‍വതീകരിക്കുകയും ചെയ്യുന്ന സമകകാല രാഷ്ട്രീയസാമൂഹ്യ ജീവിത പരിസരത്തെ സിനിമ അഭിസംബോധന ചെയ്യുന്നുണ്ട്. കപട മനുഷ്യപ്പറ്റിന്റെ പ്രഭാപൂരിതമായ വര്‍ത്തമാനത്തില്‍ നീന്തിക്കളിക്കുന്ന കപടമായ ജീവിത പരിസരം 'കറ'യിലൂടെ വായിച്ചെടുക്കാം. സമൂഹത്തിനു മുന്നില്‍ ഒരാള്‍ സ്വയം എങ്ങനെ അവതരിപ്പിക്കുന്നു എന്നതല്ല മറിച്ച് സമൂഹം എങ്ങിനെ തന്നെ കാണുന്നു എന്നതും പ്രസക്തമാകണം എന്ന് പ്രശ്നം മറന്നു പോകുന്ന താക്കോല്‍ കൂട്ടത്തെ മുന്‍നിര്‍ത്തി സിനിമ പറയുന്നു. തെറ്റുകള്‍ക്കിടയിലെ ശരിയേയും കാണാനാണ് ശ്രമമെന്ന് സതീശന് സിനിമ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
RISHIRUD FILMS ആണ് നിര്‍മ്മാണം. കണ്ണൂര്‍ ജില്ലയിലെ കടന്നപ്പള്ളിയിലും പയ്യന്നൂരും കുറ്റൂരുമാണ് സിനിമ ചിത്രീകരിച്ചത്. ഉദയന്‍ കൊടക്കാരന്‍, ഗിജില്‍ പയ്യന്നൂര്‍, ഷിജു പീറ്റര്‍, ഷാജി ഷാ എന്നിവരാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.