എഎസ് ദിനേശ്-
കൊച്ചി: :
പ്രശസ്ത സംവിധായകന് പത്മരാജന്റെ ഒട്ടേറേ ചിത്രങ്ങളില്‍ സഹ സംവിധായകനായി പ്രവര്‍ത്തിച്ച് 1988ല്‍ 'ജാതകം' എന്ന ചിത്രം സംവിധാനം ചെയ്യുകയും ആദ്യ ചിത്രത്തിലൂടെ നവാഗത സംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്ക്കാരവും നേടി, നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സുരേഷ് ഉണ്ണിത്താന് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'ക്ഷണം'.
ജാതകത്തില്‍ തുടങ്ങി അഞ്ചു സംസ്ഥാന പുരസ്ക്കാരങ്ങള്‍ നേടിയ 'അയാള്‍' വരെ ഒരു ഡസന്‍ ചിത്രങ്ങളൊരുക്കിയ സുരേഷ് ഉണ്ണിത്താന് ആദ്യമായിട്ടാണ് 'ക്ഷണം' എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രവുമായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഒരു ചലച്ചിത്രത്തിന്റെ ലൊക്കേഷന്‍ തേടി ഒരു ഹില്‍ സ്റ്റേഷനില്‍ എത്തുന്ന ഫിലിം സ്കൂള്‍ വിദ്യാര്‍ഥികള്‍, തികച്ചും യാദൃച്ഛികമായി അസാധാരണ സിദ്ധികളുള്ള, പാരാ സൈക്കോളജിയില്‍ പണ്ഡിതനായ ഒരു പ്രൊഫസറെ കണ്ടു മുട്ടുന്നു, അയാളിലൂടെ പരേത ആത്മാക്കളുടെ ലോകത്തേക്ക് ആകൃഷ്ടരാകുന്നു. അവിടുന്നങ്ങോട്ടുള്ള സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളാണ് ക്ഷണത്തില്‍ സുരേഷ് ഉണ്ണിത്താന് ചിത്രീകരിക്കുന്നത്.
തമിഴ് നടന് ഭരത്, ലാല്‍, അജ്മല്‍ അമീര്‍(പ്രണയകാലം ഫെയിം), ബൈജു സന്തോഷ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഈ ചിത്രത്തില്‍ പുതുമുഖം സ്നേഹ അജിത് നായികയാവുന്നു. അഥിതി വേഷത്തില്‍ സംവിധായകന് ലാല്‍ജോസ് പ്രത്യക്ഷപ്പെടുന്നു.
ദേവന്, പി ബാലചന്ദ്രന്, പി ശ്രീകുമാര്‍, കൃഷ്, ചന്തുനാഥ്, ആനന്ദ് രാധാകൃഷ്ണന്, വിവേക്, സോന സിത്താര, ലേഖാ പ്രജാപതി, മാല പാര്‍വ്വതി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. റോഷന് പിക്ചര്‍സ്ന്റെ ബാനറില്‍ റെജി തമ്പി ദഷാന്‍ മൂവി ഫാക്ടറിയുടെ ബാനറില്‍ സുരേഷ് ഉണ്ണിത്താന് എന്നിവര്‍ ചേര്‍ന്നാണ് ക്ഷണം നിര്‍മ്മിക്കുന്നത്.
ശ്രീകുമാര്‍ അരൂക്കുറ്റി കഥ തിരക്കഥ, സംഭാഷണമെഴുതുന്നു. ജെമിന് ജോം അയ്യനേത്ത് ഛായാഗ്രണം നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദ്, ബി കെ ഹരി നാരായണന് എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍, വിഷ്ണു മോഹന്‍ സിത്താര എന്നിവര്‍ സംഗീതം പകരുന്നു.പശ്ചാത്തല സംഗീതംഗോപി സുന്ദര്‍.