സി എന്‍ എ-
കൊച്ചി:
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന 'മ്യാവു' എന്ന സിനിമയുടെ ചിത്രീകരണം യുഎഇ യിലെ റാസല്‍ഖൈമയില്‍ പൂര്‍ത്തിയായി.
സൗബിന് ഷാഹിറും മംമ്താ മോഹന്‍ദാസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ രണ്ടു കുട്ടികളും ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളാണ്. ഗള്‍ഫില്‍ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് 'മ്യാവു'.
വ്യത്യസ്തങ്ങളായ ക്യാരക്ടര്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സൗബിന് ഷാഹിര്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും സിനിമയെ ശ്രദ്ധേയമാക്കുന്നു. പ്രവാസി മലയാളിയായ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ പൂര്‍ണമായും യുഎഇയില്‍ ചിത്രീകരിക്കുന്ന ചിത്രമാണ് 'മ്യാവു'.
ഇതിനുമുമ്പ് എഴുതിയ തിരക്കഥകളില്‍ ഗള്‍ഫ് പശ്ചാത്തലമായി വന്നിട്ടുണ്ടെങ്കില്‍ തന്നെയും പല ലൊക്കേഷനുകളില്‍ ഒരു ലൊക്കേഷന്‍ മാത്രമായിരുന്നു യു എ ഇ. റാസല്‍ഖൈമയില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും നാട്ടില്‍ എത്തിക്കഴിഞ്ഞു.
സംവിധായകന് ലാല്‍ജോസ് പത്താം തീയതിയോടെ മാത്രമേ കൊച്ചിയിലെത്തുകയുള്ളു. കോവിഡ് പ്രോട്ടോക്കോള്‍ നിയമങ്ങള്‍ അനുസരിച്ചു ഒരാഴ്ചത്തെ ക്വാറന്റയിന്‍ കഴിഞ്ഞു സ്റ്റുഡിയോ വര്‍ക്കുകളിലേക്ക് കടക്കും.