അഞ്ജു അഷറഫ്-
കൊച്ചി:
കിരണ്‍ ലാല്‍ സംവിധാനം ചെയ്യുന്ന ആനിമേറ്റഡ് ത്രീഡി ഇംഗ്ലീഷ് ചിത്രമാണ് 'ലൂയിസ് ആന്‍ഡ് ദി വിച്ച്'. ആനിമെട്രി ആനിമേഷന്‍സിന്റെ ബാനറില്‍ ദിവ്യ തിരക്കഥ എഴുതി നിര്‍മ്മിച്ചിരിക്കുന്ന ഹൃസ്വചിത്രം ഒരുപിടി ആനിമേറ്റഡ് കലാകാരന്മാരുടെ മാസങ്ങള്‍ നീണ്ട പ്രയത്നത്തിന്റെ ഫലമായാണ് പൂര്‍ത്തീകരിച്ചത്. 'ലൂയിസ് ആന്‍ഡ് ദി വിച്ച്' ഒരു ഫാന്റസി കോമഡി ചിത്രമാണ്.
ബിസൈര് വാലിയുടെ ദേവതയായ അദേനയെ കീഴ്പ്പെടുത്താന്‍ സ്കാര്‍ലെറ്റ് എന്ന അതിക്രൂരയായ മന്ത്രവാദിനി നടത്തുന്ന മന്ത്രവാദവും അതിനോടാനുബന്ധിച്ചു നടക്കുന്ന സംഭവവികസങ്ങളുമാണ് കഥയില്‍ പ്രതിപതിക്കുന്നത്.
കുട്ടികള്‍ക്ക് മാത്രമല്ല ഏതു പ്രായക്കാര്‍ക്കും കാണാവുന്ന രീതിയിലാണ് ചിത്രമൊരുക്കിയിരിക്കുന്നതെന്ന് സംവിധായകന് കിരണ്‍ ലാല്‍ സിനിമ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. ഇന്ത്യയില്‍ ലോകോത്തര നിലവാരമുള്ള ആനിമേറ്റഡ് ഫിലിം ഉണ്ടാവുന്നില്ല. ഇവിടെ ആനിമേറ്റഡ് ഏരിയ നല്ലരീതിയില്‍ വികസിച്ചിട്ടില്ലെന്ന് തന്നെ പറയാം. ഇത്തരം സിനിമകള്‍ക്ക് വിദേശ രാജ്യങ്ങളിലാണ് കൂടുതല്‍ സാധ്യതയുള്ളത്. പക്ഷേ എന്നാലും നമ്മുടെ നാട്ടിലെ ജനങ്ങളിലേക്ക് ഈ സിനിമ എത്തിക്കുകയാണ് ലക്ഷ്യം. അനിമേറ്റഡ് സിനിമ കൂടുതലായി ഇവിടെ ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്നതിന് ഒരു പ്രധാന കാരണം വലിയ ചിലവ് വരുമെന്നത് തന്നെയാണ്. ഒരു സിനിമ ചെയ്യുന്ന അത്രയും എക്സ്പെന്‍സ് സാധാരണ ഒരു ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിന് വരും. നല്ലൊരു ആനിമേറ്റഡ് ഫിലിം ചെറിയ ബഡ്ജറ്റില്‍ എങ്ങനെ ചെയ്യാം എന്നതിനെ കുറിച്ച് ഞങ്ങള്‍ റിസര്‍ച്ച് ചെയ്തു. ജോലി ഉപേക്ഷിച്ച് ഞാനും വൈഫും കൂടി മൂന്നുവര്‍ഷം റിസര്‍ച്ച് നടത്തിയതിനു ശേഷമാണ് ഒരു ഹൈ ക്വാളിറ്റി ആനിമേറ്റഡ് ചിത്രം ലോ ബഡ്ജറ്റില്‍ എങ്ങനെ ചെയ്യാമെന്ന് കണ്ടെത്തിയത്. അതിന്റെ ഔട്ട്പുട്ടായിട്ട് 'ക്ലോസ്' എന്ന ഫീച്ചര്‍ ഫിലിം ചെയ്തു. ഏകദേശം 70 ശതമാനം പൂര്‍ത്തീകരിച്ച് കഴിഞ്ഞു. കൂടുതല്‍ ചെറിയ സിനിമകള്‍ നിര്‍മ്മിക്കണമെന്നാണ് ആഗ്രഹം. അതിന്റെ ഭാഗമായിട്ടാണ് 'ലൂയിസ് ആന്‍ഡ് ദി വിച്ച്' ചെയ്തത്. സിനിമയുടെ ചിത്രീകരണ ഘട്ടമെന്നുപറയുന്നത് വലിയ ടാസ്ക് തന്നെയാണ്. ഗ്ലോബല്‍ രീതിയിലുള്ള കളര്‍ ടോണ്‍ നല്കി മള്‍ട്ടി ലാംഗ്വേജാണ് ഉദ്ദേശിക്കുന്നതെങ്കിലും ഇപ്പോള്‍ ഇംഗ്ലീഷിലാണ് ചെയ്തിരിക്കുന്നതെന്ന് സംവിധായകന് കിരണ്‍ ലാല്‍ പറയുന്നു.
'ലൂയിസ് ആന്‍ഡ് ദി വിച്ചി'ന്റെ കഥാകാരന് നിസാം മുഹമ്മദാണ്. ശബ്ദം- ഫെമി ഷാജി, പശ്ചാത്തല സംഗീതം- നിക്സണ് ജോയ്, സൗണ്ട് എഡിറ്റിംഗ്, റെക്കോര്‍ഡിങ്-മാത്യൂസ് ഹൈജന്‍, കോണ്‍സെപ്റ്റ് ലീഡ്- ഷിനു പി ചാക്കോ, അനിമാറ്റിക് ലീഡ്- സുനില്‍ കുമാര്‍ എന്നിവരാണ് നിര്‍വഹിച്ചിരിക്കുന്നത്.
ലോക്ക്ഡൗണ്‍ കാലമായതിനാല്‍ പൂര്‍ണമായും വര്‍ക്ക് ഫ്രം ഹോം ആയിട്ടാണ് അനിമെട്രിയിലെ കലാകാരന്മാര് 'ലൂയിസ് ആന്‍ഡ് ദി വിച്ച്' പൂര്‍ത്തീകരിച്ചത്.