സി എന്‍ എ-
മലപ്പുറം:
ആസിഫ് അലി നായകനാകുന്ന 'മഹേഷും മാരുതിയും' എന്ന സിനിമയിലെ കേന്ദ്രകഥാപാത്രമാകാന്‍ 1984 മോഡല്‍ മാരുതി 800 കാര്‍ തയ്യാറായിരിക്കുകയാണ്. മലപ്പുറത്തെ ഓണ്‍റോഡ് ടീമാണ് മാരുതി 800 കാര്‍ പുതുക്കിയെടുത്തത്.
നടന് ആസിഫ് അലിയും നിര്‍മ്മാതാവ് മണിയന്‍പിള്ള രാജുവും സംവിധായകന് സേതുവുമടങ്ങുന്ന സംഘം തിങ്കളാഴ്ച ഓണ്‍റോഡ് ബോഡി ഷോപ്പിലെത്തി കാര്‍ ഏറ്റുവാങ്ങുകയായിരുന്നു.
സിനിമയുടെ ചിത്രീകരണത്തിനായി 1984 മോഡലിലുള്ള കാര്‍ കണ്ടെത്തിയിരുന്നെങ്കിലും വാഹനം പുതുക്കിയെടുക്കുന്ന ജോലി വലിയൊരു വെല്ലുവിളിയായിരുന്നു. ഏറെനാളുകളുടെ അന്വേഷണത്തിനൊടുവിലാണ് കാര്‍ പുതുക്കിയെടുക്കാന്‍ ഓണ്‍റോഡ് ടീമിനെ ഏല്‍പ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്പെയര്പാര്ട്സുകളെത്തിച്ചാണ് 1984 മോഡല്‍ മാരുതി 800 ഇവര്‍ പുതുക്കിയെടുത്തത്.
ഓണ്‍റോഡ് സി.ഇ.ഒ കെ.എം. നിഹാസ്, സി.ഒ.ഒ കെ.എം. നിഷാല്‍ എന്നിവര്‍ചേര്‍ന്ന് സിനിമാസംഘത്തിന് കാര്‍ കൈമാറി. കാറുമായി ഷൂട്ടിങ്ങിലേക്കിറങ്ങാനാണ് സേതുവിന്റെ തീരുമാനം.
മാരുതി കാറിനെ കേന്ദ്രകഥാപാത്രമാക്കി ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കിയാണ് സേതു 'മഹേഷും മാരുതിയും' ഒരുക്കുന്നത്. എന്നും മനസില്‍ തങ്ങിനില്ക്കുന്ന മനോഹര ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സേതുവിന്റെ പുതിയ സിനിമ ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. മനോഹരമായ ഗാനങ്ങളും ഈ സിനിമയുടെ പ്രത്യേകതയാണ്. കല്യാണി പ്രിയദര്‍ശനാണ് നായിക. കൂടാതെ ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയിരുന്നു.
മണിയന്‍പിള്ള രാജു പ്രൊഡക്ഷന്സിനൊപ്പം വി.എസ്.എല്‍. ഫിലിം ഹൗസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.