അഞ്ജു അഷറഫ്-
കൊച്ചി:
സിനിമ തിയറ്ററുകള്‍ തുറക്കുന്ന വിഷയത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കെ തിയറ്ററുടമകളുടെ യോഗം നാളെ ചേരും.
എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് പുറമേ അടിയന്തര ജനറല്‍ബോഡി യോഗവും കൂടുന്നുണ്ട്. സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ച ഇളവുകള്‍ ലഭിക്കുന്നതിനു മുന്‍പ് തിയറ്റര്‍ തുറക്കണോ എന്ന കാര്യത്തില്‍ എക്സിക്യൂട്ടീവ് കമ്മറ്റി എടുക്കുന്ന തീരുമാനം ജനറല്‍ബോഡിയില്‍ ചര്‍ച്ച ചെയ്തതിനു ശേഷമാകും ഉചിതമായ തീരുമാനം കൈക്കൊള്ളുകയെന്ന് അറിയുന്നു. അതേസമയം ജനുവരി 5ന് ഫിലിം ചേംബറും യോഗം ചേരുന്നുണ്ട്.
ചൊവ്വാഴ്ച മുതല്‍ സിനിമ തീയറ്ററുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സംഘടനാതലത്തില്‍ ഏകീകൃതമായ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.
അതുകൊണ്ടുതന്നെ നാളെ പ്രദര്‍ശനം പുനരാരംഭിക്കാന്‍ സാധ്യതയില്ല. ജനുവരി അഞ്ചിന് റിലീസ് ചെയ്യാന്‍ ചിത്രങ്ങള്‍ ഇല്ലെന്നു പറയുമ്പോള്‍ തന്നെ പല നിര്‍മ്മാതാക്കളും ജനുവരിയില്‍ തങ്ങളുടെ സിനിമ റിലീസ് ചെയ്യാന്‍ തയ്യാറാണെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. പുതിയ സാഹചര്യത്തില്‍ അവരുടെയൊക്കെ നിലപാടില്‍ മാറ്റം വന്നോയെന്ന് അറിയേണ്ടതുണ്ട്. തിയറ്റര്‍ ഉടമകള്‍ സര്‍ക്കാരിനോട് സഹായപാക്കേജ് ആവശ്യപ്പെടുമ്പോള്‍ തന്നെ, 2020 ജനുവരി ഫെബ്രുവരി മാസങ്ങളില്‍ റിലീസ് ചെയ്ത സിനിമകളുടെ കളക്ഷന്‍ വിഹിതമായി നിര്‍മ്മാതാക്കള്‍ക്ക് തിയറ്ററുടമകള്‍ നല്‍കാനുള്ള 14 കോടി രൂപ ലഭിക്കാതെ ചിത്രങ്ങള്‍ നല്‍കേണ്ടതില്ലെന്നാണ് വിതരണക്കാരുടെയും നിര്‍മ്മാതാക്കളുടെയും നിലപാട്. ബുധനാഴ്ച വിവിധ സംഘടന പ്രതിനിധികളുമായി ഫിലിം ചേംബര്‍ നടത്തുന്ന ചര്‍ച്ചയില്‍ എല്ലാവര്ക്കും സ്വീകാര്യമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. അല്ലാത്തപക്ഷം തീയേറ്ററുകള്‍ തുറക്കുന്നത് അനിശ്ചിതമായി നീണ്ടുപോയേക്കാം. മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം തിയേറ്റര്‍ തുറക്കാന്‍ സന്നദ്ധമായാല്‍ തന്നെ പുതിയ സാഹചര്യത്തില്‍ ആദ്യമെത്തുന്ന സിനിമ വിജയ്യുടെ 'മാസ്റ്റര്‍' തന്നെയായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.
മലയാളത്തിലെ താര ചിത്രങ്ങള്‍ പിന്മാറുന്നിടത്താണ് തമിഴകത്തിന്റെ ഇളയദളപതി വിജയ് മലയാളത്തിന്റെയും രക്ഷകനായി അവതരിക്കുന്നത്.