അഞ്ജു അഷറഫ്-
കൊച്ചി:
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന 'മ്യാവു' എന്ന സിനിമയുടെ ചിത്രീകരണം ദുബായ്യില് പുരോഗമിക്കുന്നു. ഡിസംബര്‍ 14ന് ദുബായിയുടെ അതിര്‍ത്തി പ്രദേശമായ റാസല്‍ഖൈമയില്‍ ചിത്രീകരണമാരംഭിച്ച സിനിമയുടെ തിരക്കഥ എഴുതുന്നത് ഇക്ബാല്‍ കുറ്റിപ്പുറമാണ്. വര്‍ഷങ്ങളായി വളരെ അടുത്ത സൗഹൃദമുള്ളവരാണ് ലാല്‍ ജോസും ഇക്ബാല്‍ കുറ്റിപ്പുറവും. ഇരുവരും ചേര്‍ന്ന് ഒരുക്കുന്ന നാലാമത്തെ ചിത്രമാണിത്. 'അറബിക്കഥ', 'ഡയമണ്ട് നെക്ലേസ്', 'വിക്രമാദിത്യന്' തുടങ്ങി ഓരോ സിനിമയ്ക്കും വര്‍ഷങ്ങളുടെ അകലമുണ്ട്. 'അറബികഥ'യും 'ഡയമണ്ട് നെക്ലേസും' ഗള്‍ഫില്‍ ചിത്രീകരിച്ച സിനിമകളാണ്. പ്രവാസ ജീവിതത്തിന്റെ രണ്ട് മുഖങ്ങളായിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം വളരെ വ്യത്യസ്തമായൊരു പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയാണ് 'മ്യാവു'. സാധാരണ ദുബായ് കേന്ദ്രീകരിച്ചാണ് സിനിമയുടെ ഷൂട്ടിങ് നടക്കാറുള്ളത്. ഒരുപാട് സിനിമകള്‍ ദുബായില്‍ ചിത്രീകരിച്ചിട്ടുമുണ്ട്. ആദ്യമായിട്ടാണ് ദുബായിയുടെ അതിര്‍ത്തിപ്രദേശമായ ഒമാനോട് ചേര്‍ന്നുകിടക്കുന്ന റാസല്‍ഖൈമയില്‍ ഷൂട്ടിങ് സംഘം എത്തുന്നത്. സൗബിന് ഷാഹിര്‍, മമ്ത മോഹന്‍ദാസ്, സലിംകുമാര്‍, ഹരിശ്രീ യൂസഫ്, മൂന്ന് കുട്ടികളും ഒരു പൂച്ചയും ആണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. പ്രവാസിയായ തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന സിനിമയില്‍ ദുബായിലെ കലാകാരന്മാരും അഭിനയിക്കുന്നുണ്ട്. തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
നഗരത്തിന്റെ വര്‍ണ്ണപ്പൊലിമയില്‍ നിന്ന് അകന്ന് ദുബായിയുടെ പ്രാന്തപ്രദേശത്ത് ഒതുങ്ങി ജീവിക്കുന്ന ദസ്തക്കിറിന്റെയും അയാളുടെ കുടുംബത്തിന്റെയും ജീവിതയാത്രയാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്.
എറണാകുളത്ത് ആലുവയില്‍ ജനിച്ചുവളര്‍ന്ന വ്യക്തിയാണ് ദസ്തക്കിര്‍. റാസല്‍ഖൈമയില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന ദസ്തകിര്‍ റാസല്‍ ഖൈമയില്‍ എത്തിയിട്ട് 16 വര്‍ഷമായി. കോളേജ് ജീവിതത്തില്‍ വളരെ ആക്ടീവായിരുന്ന ദസ്തക്കിര്‍ പ്രവാസജീവിതത്തില്‍ ഒതുങ്ങിപ്പോയ ഒരാളാണ്. പ്രവാസ ജീവിതം അയാളുടെ രൂപവും ഭാവവും തന്നെ മാറ്റി കളഞ്ഞു. ദസ്തക്കീറും ഭാര്യ സുലേഖയുടെയും രണ്ട് കാലഘട്ടത്തിന്റെ കഥ കൂടിയാണ് സിനിമയില്‍ പരാമര്‍ശിക്കുന്നത്. കുടുംബത്തിന്റെ ഉള്ളിലേക്ക് ഇറങ്ങി നില്ക്കുന്നൊരു കഥാപശ്ചാത്തലം സിനിമക്കുണ്ടെന്ന് സംവിധായകന് ലാല്‍ജോസ് പറഞ്ഞു. എന്റെ മറ്റു സിനിമകളിലേക്ക് നോക്കിയാല്‍ വേറെ മാനങ്ങളുള്ള കുടുംബത്തിന് പുറത്തുള്ള കാര്യങ്ങളാണ് പറയുന്നത്. ഇത് പൂര്‍ണമായും ഗള്‍ഫ് മലയാളിയുടെ കഥയാണ്. പലതരം പ്രവാസികളെയും പല രീതിയിലുള്ള പ്രവാസജീവിതവും കാണാന്‍ ഇടയായിട്ടുണ്ട്. 'അറബിക്കഥ'യിലെ ക്യൂബാ മുകുന്ദന്, 'ഡയമണ്ട് നേക്ലസി'ലെ ഡോക്ടര്‍ അരുണ്‍ കുമാര്‍ ഇവരില്‍ നിന്നു വളരെ വ്യത്യസ്തനാണ് ദസ്തക്കിര്‍. അയാളുടെ ജീവിതരീതികളും വ്യത്യസ്തമാണ്. കോളേജ് കാലഘട്ടം കഴിഞ്ഞ് ഗള്‍ഫില്‍ എത്തിയ ഒരാള്‍ ഒരു കാരണവുമില്ലാതെ ജീവിതം കൊണ്ട് ഒതുങ്ങിപ്പോയി. അയാളുടെയും അയാളുടെകുടുംബത്തിന്റെയും കഥയാണ് സിനിമയുടെ പ്രമേയം എന്ന് സംവിധായകന് ലാല്‍ജോസും തിരക്കഥാകൃത്ത് ഇക്ബാല്‍ കുറ്റിപ്പുറവും പറയുന്നു.
സിനിമയുടെ ഛായാഗ്രഹണം അജ്മല്‍ ബാബു നിര്‍വഹിക്കുന്നു. എഡിറ്റിംഗ്- രഞ്ജന്‍ എബ്രഹാം, കലാസംവിധാനം- അജയ് മങ്ങാട്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റും ഡിസൈനര്‍- സമീറ സനീഷ്, ലൈന്‍ പ്രൊഡ്യൂസര്‍- വിനോദ് ഷൊര്‍ണൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- രഞ്ജിത്ത് കരുണാകരന്, അസോസിയേറ്റ് ഡയറക്ടര്‍- രഘുരാമ വര്‍മ്മ, ഗാനരചന- സുഹൈല്‍ കോയ, സംഗീതം- ജസ്റ്റിന് വര്‍ഗീസ്, സ്റ്റില്‍സ്- ജയപ്രകാശ് പയ്യന്നൂര്‍.