സി എന്‍ എ-
കൊല്ലം:
മലയാള ചലച്ചിത്രനാടക നടനും 10 വര്‍ഷത്തോളം ഏഷ്യാനെറ്റിന്റെ 'മുന്‍ഷി' എന്ന ഹൃസ്വ പരമ്പരയില്‍ കേന്ദ്ര കഥാപാത്രമായ 'മുന്‍ഷി'യെ അവതരിപ്പിച്ച പരവൂര്‍ കുറുമണ്ടല്‍ അശ്വതിയില്‍ കെ. ശിവശങ്കരക്കുറുപ്പ് (കെ.പി.എസ്. കുറുപ്പ് 94) അന്തരിച്ചു.
കൊല്ലം പരവൂരിലെ നാടകവേദികളിലും കെ.പി.എ.സി യുടെ നാടകങ്ങളിലും നടനായിരുന്നു. കെ.പി.എ.സി.യുടെ 'ഇരുമ്പുമറ'യെന്ന നാടകത്തിലൂടെയായിരുന്നു അഭിനയരംഗത്ത് അരങ്ങേറ്റം. തുടര്‍ന്ന് ഓള് ഇന്ത്യാ റേഡിയോ തിരുവനന്തപുരം നിലയം പ്രക്ഷേപണം ചെയ്ത നാടകങ്ങളിലുടെ അഭിനയരംഗത്ത് സജീവമായി. ഇതിനു ശേഷമാണ് സിനിമയിലേക്ക് ഇദ്ദേഹം എത്തുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്, ലെനിന് രാജേന്ദ്രന്, കെ.പി.കുമാരന് എന്നി പ്രശസ്തരുടെ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.
കൊടിയേറ്റം, സ്വയംവരം, ശ്രീരാമ പട്ടാഭിഷേകം എന്നീ ചലച്ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. മതിലുകള്‍ എന്ന ചിത്രത്തില്‍ ചെറിയ വേഷത്തിലും അദ്ദേഹം എത്തി. കൂടാതെ വേട്ട, മാണിക്യം എന്നീ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു.
സ്റ്റേറ്റ് കോഓപ്പറേറ്റീവ് യൂണിയനില്‍ പബ്ളിസിറ്റി ഓഫീസറായിരുന്ന അദ്ദേഹം, വിരമിച്ചശേഷവും അഭിനയരംഗത്ത് തുടര്‍ന്നു. 73ാമത്തെ വയസ്സിലാണ് ഏഷ്യാനെറ്റില്‍ മുന്‍ഷിയായി അഭിനയിക്കാന്‍ എത്തിയത്.
പിന്നീട് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച തോടെ ഈ കഥാപാത്രത്തില്‍ നിന്ന് മാറുകയായിരുന്നു.
ആള് കേരള ഫോട്ടോഗ്രാഫി അസോസിയേഷന് പരവൂര്‍ മേഖല ഉപദ്ദേശക സമിതി അംഗമായിരുന്നു.
ദേവരാജന്‍ മാസ്റ്റര്‍, സി.വി പത്മരാജന് പി.കെ.ഗുരുദാസന് തുടങ്ങിയ പ്രതിഭകള്‍ സഹപാഠികളായിരുന്നു.
കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അമരക്കാരനായിരുന്ന പരേതനായ പി.എന്‍. പണിക്കരുടെ മകള്‍ പരേതയായ ലീലാകുമാരിയാണ് ഭാര്യ.
മക്കള്‍- ഗോപീകൃഷ്ണന് (റിട്ട. ചലച്ചിത്ര അക്കാദമി), ശ്രീകല (റിട്ട. അധ്യാപിക), വിശാഖ് (ഏഷ്യാനെറ്റ്), മരുമക്കള്‍- സതികുമാരി, പരമേശ്വരന് പിള്ള, മിനി.
ശവസംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കൊല്ലം പരവൂരിലെ വീട്ടുവളപ്പില്‍.