ന്യൂസ് ഡെസ്ക്-
ചെന്നൈ:
പ്രശസ്ത സംവിധായകന് മണിരത്നത്തിന്റെ നേതൃത്വത്തില്‍ വിപുലമായ സന്നാഹങ്ങളോടെ ഹ്രസ്വചിത്രങ്ങളുടെ സമാഹാരം ഒരുങ്ങുന്നു. മണിരത്നം, ജയേന്ദ്ര എന്നിവര്‍ ചേര്‍ന്ന് തമിഴില്‍ നിര്‍മിക്കുന്ന ഒമ്പത് ഹൃസ്വ ചിത്രങ്ങളുടെ സമാഹാരത്തിന് 'നവരസ' എന്നാണ് പേരിട്ടിരിക്കുന്നത്. സംവിധായകരായ ഗൗതംമേനോന്‍, കെവി ആനന്ദ്, ബിജോയ് നമ്പ്യാര്‍, കാര്‍ത്തിക് നരേന്, രതീന്ദ്രന്‍ പ്രസാദ്, സുബ്ബരാജ് എന്നിവര്‍ മണിരത്നത്തിനൊപ്പം അണിനിരക്കും. ചലച്ചിത്ര നടന് അരവിന്ദ് സ്വാമി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നടന് എന്ന നിലയിലും സംവിധായകനെന്ന നിലയിലും അരവിന്ദ് സ്വാമിക്ക് 'നവരസ'യില്‍ ഡബിള്‍ റോളാണുള്ളത്. ലോക്ഡൗണ്നെ തുടര്‍ന്ന് നിശ്ചലമായിപ്പോയ സിനിമാവ്യവസായത്തിന് ഒരു കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെയാണ് 'നവരസ' ഒരുക്കുന്നത്. ഇതില്‍നിന്നുള്ള വരുമാനം സിനിമ ഇല്ലാതെ തൊഴില്‍ നഷ്ടപ്പെട്ടു വിഷമം അനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് നല്‍കും. മലയാളം തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷാചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഭിനേതാക്കളും ടെക്നീഷ്യന്മാരും 'നവരസ'യുടെഭാഗമാകും. മലയാള താരങ്ങളായ പാര്‍വതി തിരുവോത്ത്, രേവതി, നിത്യാമേനോന്, ഐശ്വര്യ രാജേഷ് എന്നിവര്‍ ഇതില്‍ പങ്കാളികളാകും. വിജയസേതുപതി, പ്രകാശ് രാജ്, ശരവണന്, സൂര്യ സിദ്ധാര്‍ത്ഥ, അളകം പെരുമാള്‍, ഗൗതം കാര്‍ത്തിക്, പ്രസന്ന, അശോക് സെല്വന്, വിക്രാന്ത്, റോബോ ശന്ങ്കര്, കൃതിക പൂര്‍ണ്ണ തുടങ്ങി 35 ഓളം നടീ നടന്മാരും നൂറു കണക്കിന് ടെക്നിഷ്യന്മാരും പ്രതിഫലം വാങ്ങാതെയാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്.