എഎസ് ദിനേശ്-
കൊച്ചി:
സിനിമാ ചരിത്രത്തിലാദ്യമായി കഥാപാത്രമാകാന്‍ ഒരു പഴയകാല വണ്ടി ആവശ്യപ്പെട്ട് വേറിട്ട ശൈലിയില്‍ കാസ്റ്റിംഗ് കാള്‍ നടത്തിയത് 'പ്രതി പ്രണയത്തിലാണ്' എന്ന മലയാള സിനിമക്കു വേണ്ടിയാണ്.
വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന 'പ്രതി പ്രണയത്തിലാണ്' എന്ന ചിത്രത്തിന്റെ ഈ കാസ്റ്റിങ്ങ് കാള്‍ കേരളാതിര്ത്തി വിട്ട് സൗത്ത് ഇന്ത്യന്‍ മേഖലയും മറികടന്ന് ബോളിവുഡിലേക്കും പടര്‍ന്നു. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ഈ വാര്‍ത്ത കൗതുകത്തോടെ ഏറ്റേടുത്തു. ആയിരകണക്കിന് വാഹനപ്രേമികളാണ് അവരവരുടെ പ്രിയ വാഹനങ്ങളെ 'പ്രതി പ്രണയത്തിലാണ്' എന്ന ചിത്രത്തിലെ കഥാപാത്രമാക്കാന് സംവിധായകന് വിനോദ് ഗുരുവായൂരിനെ പരിചയപ്പെടുത്തിയത്.
ഒന്നിലും വിനോദ് തന്റെ കഥാപാത്രത്തെ കണ്ടില്ല.
കാത്തിരിപ്പിനൊടുവില്‍ അപ്രതീക്ഷിതമായി ഇപ്പോഴിതാ കേരളത്തില്‍ തന്നെ തൃശൂരിലുള്ള ഒരു 1967 മോഡല്‍ അഥവാ 54 വയസുള്ള വോകസ് വാഗന് കോമ്പിയില്‍, വിനോദ് തന്റെ കഥാപാത്രത്തെ കണ്ടെത്തിരിക്കുന്നു.
'അതെ, ഇതാണ് ഞാന്‍ മനസ്സില്‍ കണ്ട വണ്ടി. എന്റെ മനസ്സിലെ കഥയില്‍ ഇവനാണ് ഏറ്റവും അനുയോജ്യന്‍' സംവിധായകന് വിനോദ് ഗുരുവായൂര്‍ പറഞ്ഞു.
വണ്ടി കണ്ടെത്തിയെങ്കിലും ചിത്രീകരണം തുടങ്ങാന്‍ കടമ്പകള്ഏറേയാണ്. കോവിഡ് കാലമായതിനാല്‍ ചിത്രീകരണ അനുവാദം പഴയതു പോലെ എളുപ്പമല്ല.
വണ്ടി കിട്ടിയ കാര്യം തന്റെ ഫേസ്ബുക്കിലൂടെയാണ് വിനോദ് ഗുരുവായൂര്‍ അറിയിച്ചത്.
'ആയിരക്കണക്കിന് അപേക്ഷകരാണ് ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നത്. ഇതു വരെ വന്നിരിക്കുന്ന വാഹനങ്ങളില്‍ ഈയൊരു വാഹനമാണ് ഇപ്പോള്‍ തിരഞ്ഞെടുത്തിട്ടുള്ളത്. കുറച്ചു മിനുക്കു പണികള്‍ കൂടെയുണ്ട്. അതിനു വേണ്ടി വണ്ടി ഇപ്പോള്‍ തൊടുപുഴയിലാണുള്ളത്.' വിനോദ് പറയുന്നു.
'പ്രതി പ്രണയത്തിലാണ്' എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും വിനോദ് ഗുരുവായൂര്‍ തന്നെ നിര്‍വ്വഹിക്കുന്നു.
'രചനയില്‍ മുരളി ഗിന്നസ് സഹകരിക്കുന്നുണ്ട്. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ലൊക്കേഷന്‍ വാഗമണ്‍ പ്രദേശമാണ്. 'വരത്തന്' എന്ന ചിത്രത്തിലുള്ള വാഗമണിലെ വീടാണ് ഈ ചിത്രത്തില്‍ പോലീസ് സ്റ്റേഷനായി ചിത്രീകരിക്കുന്നത്' എന്ന് സംവിധായകന് വിനോദ് ഗുരുവായൂര്‍ പറഞ്ഞു.
വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CNA.