Editor - MM Kamath
കൊച്ചി:
ആസിഫ് അലി നായകനായ 'ഇതു താന്‍ ഡാ പൊലീസ്' എന്ന ചിത്രത്തിനു ശേഷം മനോജ് പാലോടന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സിഗ്നേച്ചര്‍'.
സാന്‍ജോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ലിബിന് പോള്‍ അക്കര, അരുണ്‍ വര്‍ഗീസ് തട്ടില്‍, ജസ്സി ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'സിഗ്നേച്ചറിന്റെ തിരക്കഥ, സംഭാഷണം സിഎംഐ വൈദികനായ ഫാ. ബാബു തട്ടില്‍ എഴുതുന്നു.
അട്ടപ്പാടിയിലെ ആദിവാസികള്‍ അനുഭവിക്കുന്ന ചൂഷണങ്ങളും അവയ്ക്കെതിരെയുള്ള പോരാട്ടവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ആക്ഷനും പ്രതികാരത്തിനും പ്രാധാന്യം നല്കി ഒരുക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നു. ഒപ്പം, മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
പ്രശസ്ത ഛായാഗ്രാഹകന്‍ ജോമോന് ടി. ജോണിന്റെ അസിസ്റ്റന്റായിരുന്ന ടി.ആര്. വിഷ്ണു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
'അട്ടപ്പാടിയുടെ പ്രകൃതി മനോഹാരിതയും ഈ സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരിക്കും. പ്രകൃതിയെ ഉള്‍ക്കൊണ്ട് ജീവിക്കുന്ന മനുഷ്യരുടെ കഥ പറയുന്ന സിനിമ ആയതുകൊണ്ടാണ് 'സിഗ്നേച്ചര്‍' എന്ന പേര് സിനിമയ്ക്കായി തിരഞ്ഞെടുത്തത്' സംവിധായകന് മനോജ് പാലോടന്‍ പറഞ്ഞു.
ഇരുപത് വര്‍ഷത്തിലേറെയായി കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാരഥിയായി പ്രവര്‍ത്തിക്കുന്ന ഫാ. ബാബു തട്ടില്‍. അട്ടപാടിയിലെ ആദിവാസി വിഭാഗങ്ങളുടെ ജീവിതത്തെപ്പറ്റി റിസര്‍ച്ച് ചെയ്യുന്ന ഫാ. ബാബു തട്ടില്‍, സിഎംഐ സഭയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായും അട്ടപ്പാടി മേഖലയില്‍ സജീവമാണ്. അദ്ദേഹം അവിടെ നേരിട്ടറിഞ്ഞ ജീവിത സന്ദര്‍ഭങ്ങളാണ് ഈ സിനിമയില്‍ ചര്‍ച്ചചെയ്യുന്നത്.
പ്രൊജക്റ്റ് ഡിസൈനര്‍- നോബിള്‍ ജേക്കബ്, ക്രീയേറ്റീവ് ഡയറക്ടര്‍- നിസാര്‍ മുഹമ്മദ്, എഡിറ്റിംഗ്- സിയാന് ശ്രീകാന്ത്, മേക്കപ്പ്- പ്രദീപ് രംഗന്, ആര്‍ട്ട് ഡയറക്ടര്‍- അജി അമ്പലത്തറ, കോസ്റ്റും ഡിസൈനര്‍- സുജിത് മട്ടന്നൂര്‍, ഡിസൈനിംഗ്- ആന്റണി സ്റ്റീഫന്‍.
പൂര്‍ണ്ണമായും അട്ടപ്പാടിയില്‍ ചിത്രീകരിക്കുന്ന, അട്ടപ്പാടിയിലെ ജീവിതാനുഭവങ്ങള്‍ പ്രമേയമാകുന്ന 'സിഗ്നേച്ചര്‍' ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കും.
വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com