സി എന്‍ എ-
കൊച്ചി:
ആയുര്‍വേദത്തിലൂടെ മഹാമാരികളില്‍ നിന്ന് അതിജീവനം, ഔഷധ സസ്യങ്ങളുടെ സംരക്ഷണം, പ്രക്യതിയെ സംരക്ഷിക്കുക. എന്നീ മഹത്തായ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി യാണ് 'Voyage Into' ഒരുക്കുന്നത്.
കേരളത്തിലെ ഓരോ ഗ്രാമത്തിലും ജീവിക്കുന്ന നാട്ടു വൈദ്യര്, ആയുര്‍വേദ ആചാര്യന്മാര്, ആദിവാസികള്‍, വയോധികര്‍... എന്നിവരെ നേരില്‍ കണ്ട് അവരുടെ അറിവുകളും, വിജ്ഞാനവും വരും തലമുറക്കായി പകര്‍ത്തി സൂക്ഷിച്ചു വയ്ക്കുക എന്ന മഹത്തായ ദൗത്യമാണ് ഈ ഡോക്യുമെന്ററി സീരീസിലൂടെ ലക്ഷ്യമിടുന്നത്. തുടര്‍ച്ചയായി യാത്രചെയ്താണ് ചിത്രീകരണം.
Helicam ഉള്‍പ്പെടെ ഏറ്റവും പുതിയ ക്യാമറകളും സാങ്കേതി വിദ്യയുമാണ് ചിത്രീകരണത്തിന് ഉപയോഗിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ ഡോക്യുമെന്ററി സീരീസിന്റെ 15 മിനിറ്റ് വീതമുള്ള 2 എപ്പിസോഡുകള്‍ ആഴ്ചയില്‍ ഫേസ്ബുക്, യുട്യൂബ്, തുടങ്ങിയ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രക്ഷേപണം ചെയ്യും.
കറുക പുല്ലു മുതല്‍ മഹാ വൃക്ഷങ്ങളില്‍ വരെ അറിഞ്ഞതും അറിയാത്തതുമായ ഔഷധ രഹസ്യങ്ങള്‍ തേടി...
'Voyage Into' ഡിസംബര്‍ 17ന് കൊച്ചിയില്‍ നിന്നും യാത്ര ആരംഭിച്ചു. ഒരു വര്‍ഷം കൊണ്ടാണ് ഡോക്യുമെന്ററി സീരീസ് പൂര്‍ത്തിയാകുക.
കല്ലാര്‍ വനത്തില്‍ താമസിക്കുന്ന പദ്മശ്രീ ലക്ഷ്മിക്കുട്ടി അമ്മ മുതല്‍ നിരവധി മഹത് വ്യക്തികള്‍... ആയുര്‍വേദ ചികിത്സയുടെ പരിശുദ്ധി കൈവിടാതെ ആതുര സേവനം ചെയ്യുന്ന അനവധി ഡോക്ടര്‍മാര്‍... പാരമ്പര്യ വൈദ്യന്മാര്... കാട്ടുമരുന്നുകളുടെ മഹാ സിദ്ധികള്‍ സ്വായത്തമാക്കിയ കാടിന്റെ മക്കള്‍.
അങ്ങനെയങ്ങനെഅറിവ് തേടിയുള്ള അതിജീവന യാത്രയിലാണ് സംവിധായകന് കെ. സുഭാഷും സംഘവും. ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി, ഫോട്ടോഗ്രാഫി എന്നീ പ്രവര്‍ത്തന മേഖലകളില്‍ നാല്പതോളം അവാര്‍ഡുകള്‍ ലഭിച്ച വി. കെ. സുഭാഷ് ആണ് 'Voyage Into'യുടെ രചനയും ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിക്കുന്നത്. 51 മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള ഈ ഡോകുമെന്ററി ഒരു പുതിയ ചരിത്രമായിരിക്കുമെന്ന് സംവിധായകന് പറയുന്നു.
ഡോക്യൂമെന്ററിയുടെ അസ്സോസിയേറ്റ് ഡയറക്ടര്‍- സുനേന സുഭാഷ്, അസിസ്റ്റന്റ്- ഗൗരി സുഭാഷ്, നിര്‍മ്മാണം- ഗ്ലോബല്‍ ഫ്രയിംസ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- CK കൃഷ്ണകുമാര്‍, എഡിറ്റര്‍മാര്‍- ഷീയ്യ, വിഷ്ണു, ഷിജു.