എ എസ് ദിനേശ്-
'ആകാശഗംഗ 2' എന്ന ചിത്രത്തില്‍ കത്തിക്കരിഞ്ഞു വികൃത വേഷത്തില്‍ പ്രേതമായി അഭിനയിക്കുമ്പോള്‍ നടി ശരണ്യ ആനന്ദിന്റെ മനസ്സ് ചെറുതായി നൊമ്പരപ്പെടുന്നുണ്ടായിരുന്നു. മൂന്നു മണിക്കൂര്‍ എടുത്ത് മേക്കപ്പ് ചെയ്ത് അഭിനയിച്ചിട്ട് മറ്റുള്ളവര്‍ തന്നെ അറിയാതെ പോകുമല്ലോ എന്ന സങ്കടമായിരുന്നു. അതുപോലെ സംഭവിക്കുകയും ചെയ്തു. സിനിമ കണ്ടവര്‍ക്ക് ആര്‍ക്കും ശരണ്യയെ മനസ്സിലായില്ല. മനസ്സിലാവില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തയ്യാറായതെന്ന് ശരണ്യ ആനന്ദ് പറഞ്ഞു.
പക്ഷേ 'ആകാശഗംഗ 2' റിലീസായി കഴിഞ്ഞപ്പോള്‍, സിനിമയില്‍ യക്ഷിയായി അഭിനയിച്ചത് യുവനടിയും സുന്ദരിയുമായ ശരണ്യ ആനന്ദാണെന്ന് സംവിധായകന് വിനയന് സാര്‍ തന്നെ വെളിപ്പെടുത്തി. അതുവരെ യക്ഷി ഗ്രാഫിക്സ് വര്‍ക്കാണെന്നാണ് എല്ലാവരും കരുതിയത്. വിനയന് സാര്‍ ആ രഹസ്യം പുറത്ത് വിട്ടതോടെ ഒരുപാടുപേര് വിളിച്ച് അഭിനന്ദിച്ചു. കഷ്ടപ്പെട്ട് അഭിനയിച്ചത് വെറുതെയായില്ല എന്ന തോന്നലുണ്ടായത്അപ്പോഴാണ്. ആകാശഗംഗ കഴിഞ്ഞു അടുത്ത വര്‍ക്കിലേക്ക് കടക്കാനിരിക്കുമ്പോഴാണ് കോവിഡ് 19 മഹാമാരി പിടിമുറുക്കിയത്. സിനിമ ഷൂട്ടിംഗ് എല്ലാം നിര്‍ത്തിവെച്ചു. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് ഏഷ്യാനെറ്റില്‍ 'കുടുംബ വിളക്ക്' എന്ന സീരിയലില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. സിനിമയിലും സീരിയലിലും അഭിനയം തന്നെയാണെങ്കിലും രണ്ടും രണ്ടു രീതിയാണ്. ഇതിനുമുമ്പും സീരിയലില്‍ അഭിനയിക്കാന്‍ വിളിച്ചിട്ടുണ്ട്. എന്റെ ലക്ഷ്യവും സ്വപ്നവും സിനിമ ആയതുകൊണ്ട് ശ്രദ്ധ മുഴുവന്‍ അവിടേക്കായിരുന്നു.
ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ കുടുംബ വിളക്കില്‍ അഭിനയിക്കാമെന്ന് തോന്നി. വേദിക എന്ന ശക്തമായ കഥാപാത്രത്തെയാണ് സീരിയലില്‍ അവതരിപ്പിക്കുന്നത്. മാത്രമല്ല സീരിയലില്‍ അഭിനയിച്ചതുകൊണ്ട് സിനിമയില്‍ അവസരം നഷ്ടപ്പെടില്ലെന്ന വിശ്വാസവുമുണ്ട്. ഞാന്‍ പ്രതീക്ഷിച്ചതിലും ഉയരെയാണ് കുടുംബ വിളക്കിലെ വേദിക ഇപ്പോള്‍ നില്‍ക്കുന്നത്. ഓരോ എപ്പിസോഡ് പിന്നിടുമ്പോഴും കുടുംബ പ്രേക്ഷകരിലേക്ക് കൂടുതലായി എത്തിച്ചേരാന്‍ കഴിയുന്നുണ്ടെന്ന് മാത്രമല്ല പലഭാഗത്തുനിന്നും അഭിനന്ദനം അറിയിച്ചു കൊണ്ട് ധാരാളം ഫോണ്‍വിളികളും വരുന്നുണ്ട്. അതെല്ലാം സന്തോഷം നല്കുന്ന കാര്യമാണെന്ന് ശരണ്യ ആനന്ദ് പറയുന്നു.