കൊച്ചി മട്ടാഞ്ചേരിക്കാരന്‍ തോമസ് ബെര്‍ളി കുരിശിങ്കല്‍ ഇന്നത്തെ തലമുറക്ക് അപരിചിതന്.
പക്ഷെ സിനിമയുടെ ചരിത്രത്തില്‍ ഈ സകലകലാ വല്ലഭന്റെ സ്ഥാനം സുവര്‍ണ്ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെടേണ്ട ഒന്നാണ്.
സിനിമാ നിര്‍മ്മാണം, സംവിധാനം, അഭിനയം, സംഗീതം എന്നിങ്ങനെ വിവിധ മേഖലകളില്‍ കൈ മുദ്ര പതിപ്പിച്ച തോമസ് ബെര്‍ളി അന്‍പതുകളുടെ തുടക്കത്തില്‍ തിരമാല എന്ന മലയാള സിനിമയില്‍ നായകന്. കന്നി ചിത്രത്തില്‍ തോമസ് ബെര്‍ളിയുടെ പ്രതി നായകന് ആരായിരുന്നെന്നോ?..
പില്ക്കാലത്തെ സൂപ്പര്‍ താരം സാക്ഷാല്‍ സത്യന്.പക്ഷേ വെറുതെ അഭിനയിച്ചാല്‍ പോരാ സിനിമയെക്കുറിച്ച് പഠിച്ച് അഭിനയിക്കണം എന്ന ത്വര അദേഹത്തെ ഹോളിവുഡില്‍ എത്തിച്ചു. അങ്ങനെ ഹോളിവുഡില്‍ എത്തിയ ആദ്യത്തെ മലയാളി എന്ന കീര്‍ത്തിക്കും തോമസ് ബെര്‍ളി അവകാശിയായി.
1953ല്‍ തോമസ് ബെര്‍ളിയുടെ സിനിമാ പ്രവേശം തികച്ചും അവിചാരിതമായിട്ടായിരുന്നു.
ആലപ്പുഴ സ്വദേശി, സംവിധായകന് വിമല്‍ കുമാറുമായുള്ള കണ്ടു മുട്ടലാണ് തോമസ് ബെര്‍ളിക്ക് സിനിമയിലേക്കുള്ള ഗേറ്റ് പാസ്സായത്.
അദ്ദേഹം സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടോ? എന്ന് ചോദിച്ചു. അന്ന് ഇന്റര്‍ മീഡിയറ്റിന് പഠിക്കുന്ന കാലം. പഠിത്തം തടസപ്പെടാതെ ആണെങ്കില്‍ ആവാം എന്ന് ബെര്‍ളി..
മേക്കപ്പ് ടെസ്റ്റ് എടുക്കണം എന്ന് പറഞ്ഞു. തോമസ് ബെര്‍ളി അന്നത്തെ തന്റെ ആത്മസുഹൃത്ത് രാമു കാര്യാട്ടിനൊപ്പം തിരുവനന്തപുരത്ത് മേക്കപ്പ് ടെസ്റ്റിന് ചെന്നു. അതില്‍ പാസായി. കാര്യാട്ട് വിമല്‍ കുമാറിന്റെ കീഴില്‍ സിനിമ പഠിക്കാനായി അസിസ്റ്റന്റ് ഡയക്ടറായി ചേര്‍ന്നു. അങ്ങനെ രണ്ടു പേരും ആ സിനിമയുടെ ഭാഗമായി.
'തിരമാല' വന്‍ വിജയമായിരുന്നു. അതിലെ പാട്ടുകളായിരുന്നു വിജയത്തിലെത്തിച്ച പ്രാധാന ഘടകം എന്ന് പറയാം. 'തിരമാല'യില്‍ തോമസ് ബെര്‍ളി ഹീറോയും സത്യന് വില്ലനുമായിരുന്നൂ. അന്നത് ഒരു മള്‍ട്ടി ക്ലൈമാക്സ് സിനിമ കൂടി ആയിരുന്നു. ഒരു പക്ഷെ ആദ്യത്തെ മള്‍ട്ടി ക്ലൈമാക്സ് സിനിമ!.
തിരുവിതാംകൂര്‍ ഭാഗത്ത് കോമഡി ക്ലൈമാക്സും മലബാര്‍ ഏരിയായില്‍ ട്രാജഡി ക്ലൈമാക്സും ആയിരുന്നു. ഇത് അദ്ദേഹത്തിന് സിനിമയെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ പ്രചോദനമായി. അങ്ങനെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ, ലോസ് ഏഞ്ചല്‍സില്‍ ചേര്‍ന്നു. ഹോളിവുഡ് സിനിമകളില്‍ അഭിനയിച്ച കൊണ്ട് തന്നെ സിനിമയുടെ സാങ്കേതിക വശങ്ങളെ കുറിച്ചും പഠിച്ചു.
'Never So Few', 'Old man and Sea' എന്നിവയാണ് തോമസ് ബെര്‍ളി അഭിനയിച്ച ഹോളിവുഡ് സിനിമകള്‍. എന്നാല്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതും താല്പര്യവും കഥാ രചനയില്‍ ആയിരുന്നു.
ഇടക്കാലത്ത് ഇന്ത്യയില്‍ എത്തി മറൈന്‍ എക്സ്പോര്‍ട്ട് ബിസിനസ്സില്‍ വ്യാപൃതനായി എങ്കിലും അപ്പോഴും മനസ്സു നിറയെ സിനിമയായിരുന്നു. ഒഴിവു സമയങ്ങളില്‍ കഥകളെഴുതി. ഇതിനിടെ 'ഇതു മനുഷ്യനോ'(1973), 'വെള്ളരിക്കാ പട്ടണം'(1985) തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്യുകയും ഉണ്ടായി.
'ഡബിള്‍ ബാരല്‍' എന്ന സിനിമയിലാണ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ഇന്നിതാ പ്രായത്തെ തോല്‍പ്പിച്ച് ട്രെന്‍ഡുകള്‍ക്കനുസൃതമായി വിവിധ ജോണറുകളില്‍ ഒട്ടനവധി കഥകള്‍ രചിച്ചു വെച്ചിരിക്കായാണ് തോമസ് ബെര്‍ളി.
ഹോളിവുഡിലെ Time Splising Technology യെ അവലംബമാക്കിയുള്ള രചനകളാണ് അധികവും. ഇതറിഞ്ഞ് അന്യ ഭാഷയില്‍ നിന്നു പോലും തോമസ് ബെര്‍ളിയുടെ തിരക്കഥകള്‍ക്ക് ആവശ്യക്കാര്‍ എത്തി തുടങ്ങി. ഇത് അദ്ദേഹത്തിന് കൂടുതല്‍ ഊര്‍ജവും ആവേശവും പകര്‍ന്നിരിക്കയാണ്. അതു കൊണ്ട് തന്നെ സിനിമയ്ക്ക് കഥകള്‍ അന്വേഷിച്ച് കൊണ്ടിരിക്കുന്നവര്‍ക്കായി 'സ്റ്റോറി ബാങ്ക്' എന്ന ഒരു സംരംഭം തുടങ്ങുവാനുള്ള തയ്യാറെടുപ്പിലാണ് തോമസ് ബെര്‍ളി.
കൂട്ടിനായി സിനിമയെ സ്നേഹിക്കുന്ന ഒരു പറ്റം യുവാക്കളുമുണ്ട്. പ്രായം കൊണ്ട് തൊണ്ണൂറുകളില്‍ എത്തിയ ഇദ്ദേഹത്തിന് നവീന ട്രെന്‍ഡുകള്‍ക്കനുസൃതമായി കഥ മെനയാന്‍ കഴിയുന്നു എന്നതാണ് സവിശേഷത.
കഥകള്‍ ആവശ്യമുള്ളവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തോമസ് ബെര്‍ളിയെ സമീപിക്കാം. സര്‍ഗ്ഗ ശേഷിയുടെ ഉറവ വറ്റാത്ത, പുത്തന്‍ പ്രമേയങ്ങളുടെ അക്ഷയ പാത്രമാണ് തോമസ് ബെര്‍ളി.
Online PR - CinemaNewsAgency.Com