ശ്രീജിത്ത് ശ്രീവിഹാര്‍-
അനുഭവങ്ങളുടെ കലയാണ് സിനിമ. നാം അനുഭവിച്ചതോ, അനുഭവിച്ചുകൊണ്ടിരിക്കുന്നതോ ആവണമെന്നില്ല അപരന്റെ ജീവിതവും, അതിജീവനവും നമ്മുടെതാക്കി മാറുന്നിടത്താണ് സിനിമ ലക്ഷ്യപ്രാപ്തി കൈവരിക്കുന്നത്.
കാഴ്ചയുടെ, കേള്‍വിയുടെ, തിരിച്ചറിവിന്റെ പരിമിതികള്‍ക്കപ്പുറത്തേക്ക് കൂട്ടികൊണ്ടു പോവുകയാണ് വസന്തവും, ശിശിരവും ചാലിച്ച് ജീവിത സൗന്ദര്യത്തെ അടയാളപ്പെടുത്തുന്ന, ഹേമ എസ്. ചന്ദ്രേടത്തിന്റെ തിരക്കഥയില്‍ സംവിധായക പ്രതിഭയായ ബൈജുരാജ് ചേകവര്‍, നിഴലും നിലാവും സമന്വയിപ്പിച്ച്, കായക്കൊടി എന്ന ഗ്രാമത്തിന്റെ പശ്ചാത്തല സൗന്ദര്യത്തില്‍ ഒരുക്കുന്ന LIB (Life is beautiful ) എന്ന വര്‍ണ്ണ കാവ്യം.
ജോണ്‍ എന്ന വാക്കിന് 'ദൈവത്താല്‍ വാഴ്ത്തപ്പെട്ടവന്‍' എന്നാണര്‍ത്ഥം. എന്നാല്‍ 'ദൈവം' എന്ന അസന്തുലിത കാഴ്ചപ്പാടിനെ തന്നെ പൊളിച്ചെഴുതാന്‍ നിരന്തരം യത്നിക്കുകയും, നിലവിളിക്കുന്നവന്റെയും നീതി നിഷേധിക്കപ്പെടുന്നന്റെയും, അപരവത്ക്കരിക്കപ്പെടുന്നവന്റെയും, ശബ്ദവും, വെളിച്ചവുമാവാന്‍ നിരന്തരം യത്നിക്കുകയും അടിമുടി സിനിമയാവുകയും, ഒരു കൊളാഷ് സിനിമ പോലെ അസ്തമിക്കുകയും ചെയ്ത ജോണ്‍ എബ്രഹാം എന്ന 'പച്ച മനുഷ്യനാണ്' ഈ ചെറു സിനിമ സമര്‍പ്പിച്ചിട്ടുള്ളത് എന്നത് തന്നെ നല്ല സിനിമയെ നെഞ്ചേറ്റുന്നവര്‍ക്ക് ആഹ്ലാദകരമായ അനുഭവമാണ്.
മുമ്പെങ്ങുമില്ലാത്ത വിധം ലോകത്തിന്റെ സ്വതന്ത്ര ജാലകള്‍ കൊട്ടിയടയ്ക്കപ്പെടുകയും, ജീവിതത്തിന്റെ വാതായനം മനുഷ്യര്‍ അത്യാവശ്യങ്ങള്‍ക്ക് മാത്രമായി തുറന്നിടുകയും, കണ്ണുകള്‍ സംശയത്തിന്റെ കുന്തമുനകളായി അപരന്റെ ശരീരത്തിലെ സൂക്ഷ്മാണുക്കളെ തിരയുകയും ചെയ്ത ഒരു കെട്ടകാലത്തെ ചില ജീവിതങ്ങളുടെ നേര്സാക്ഷ്യങ്ങളിലേക്കാണ് രാകേഷ് നാരായണന്റെ ക്യാമറ കണ്ണുകള്‍, പരിസ്ഥിതിയുടെ രാഷ്ട്രീയത്തിന്റെയും, സമരസപ്പെടലിന്റെയും ആവശ്യകതയുടെ അത്ഭുതപേടകം തുറന്നു വെയ്ക്കുന്നത്.
ശബ്ദങ്ങളുടെ വിന്യാസക്രമങ്ങളേയും, രൂപപരിണാമങ്ങളേയും സിനിമാരംഗത്തെ അസാമാന്യ പ്രതിഭകളായ രംഗനാഥ് രവിയുടേയും, ഫസല്‍ എ ബക്കറിന്റെയും, ബിജിബാലിന്റേയും പ്രതിഭാ സ്പര്‍ശം, ഹൃദയസ്പൃക്കായി LIBയില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്.
ജീവിതത്തിന്റെ നിറങ്ങളെ, ഇരുട്ടിനെ, പ്രകാശത്തിന്റെ ചെറുതുരുത്തുകളെ അടയാളപ്പെടുത്തുന്ന ശീര്‍ഷകത്തോടെയാണ് L. I . B - Life is beautiful എന്ന ഹൃസ്വ സിനിമ ആരംഭിക്കുന്നത്.
ജീവിത വസന്തത്തിന്റെ തിരി താഴ്ന്ന് വരുന്ന വ്യഥയിലിരിക്കുന്ന വൃദ്ധനും, വാസന്ത പൗര്‍ണ്ണമി കിനാവ് കണ്ടിരിക്കുന്ന യുവതിയും, ജാലകങ്ങള്ക്കപ്പുറത്തേക്ക് നോക്കിയിരിപ്പാണ്. വല നെയ്യുന്ന ചിലന്തി മറ്റൊന്നും ശ്രദ്ധിക്കുന്നതേയില്ല.. സ്വയം മുന്നേറാനുള്ള വലകള്‍ തീര്‍ക്കാനുള്ള വ്യഥാ ശ്രമങ്ങളാണ് നമ്മുടെ ജീവിതം തന്നെ.
വിശപ്പ് എന്ന ലോകത്തിന്റെ അടിസ്ഥാന പ്രശ്നത്തെ പാരസ്പര്യത്തിലൂടെ പരിഹരിക്കാനുള്ള മനുഷ്യരുടേയും, പക്ഷി ജാലങ്ങളുടേയും ശ്രമത്തെ സൂക്ഷ്മമായി സിനിമ പ്രതിനിധാനം ചെയ്യുമ്പോഴും, അതില്‍ ലാഭേച്ഛയും, കച്ചവടകണ്ണും തേടുന്ന സെല്ഫിയാന്മാരും, സെല്ഫിച്ചികളുമുണ്ടെന്ന് സിനിമ പറഞ്ഞുവെയ്ക്കുന്നുണ്ട്.
'നന്മ മരങ്ങളെന്ന വ്യാജേന ദുരന്തത്തില്‍ സ്വന്തം ലാഭവും, സൗഖ്യവും മാത്രം തേടുന്നവര്‍ പെരുകുന്ന കെട്ട കാലത്തെയും, പൊങ്ങച്ച മനസ്സുകളെയും പ്രതിഫലിപ്പിക്കുന്ന ദര്പ്പണമാവുന്നുണ്ട് ചില കാഴ്ചകള്‍.
'ജീവിക്കാനുള്ള സാമര്‍ത്ഥ്യം കാണിക്കേണ്ടത് പരിസ്ഥിതിയ്ക്ക് മേല്‍ ആഘാതമേല്പ്പിച്ചാണോ' എന്നത് പ്രസക്തമായ ചോദ്യമാണ്. തോറോ, 'വാള്‍ഡനില്‍' ചോദിച്ച അതേ ചോദ്യം ഇന്നും പ്രസക്തമാണ്. 'ചെടിമുത്തി' എന്ന ,'മരത്തെ ഒരു വരമായി' കാണുന്ന അമ്മയുടെ മുറി, താമസത്തിന് തിരഞ്ഞെടുത്തവള്‍ 'ചെടിമുത്തിയുടെ' ഫോട്ടോയും, പുസ്തകങ്ങളും പൊടിതട്ടിയെടുത്ത് അവരെ വായിച്ചവള്‍, ചെടിമുത്തി പ്രകൃതിജീവനത്തിന്റെ ജീവാമൃതം പകര്‍ന്ന മണ്കൂജയില് നിന്ന് ദാഹശമനം നടത്തിയവള്‍, തിരിച്ചറിയാതെ പോവുന്നത് 'ചെടിമുത്തി 'എന്ന പ്രകൃതി ദേവത പകര്‍ന്ന പ്രകൃതി ജീവനത്തിന്റെ ബാലപാഠങ്ങളാണ്.
ചെടിമുത്തിയില് നിന്ന് മയിലമ്മയിലേയ്ക്കും, 'പിപ്പിലാന്ത്രി'യിലേക്കും, സുന്ദര്‍ലാല്‍ ബഹുഗുണയിലേക്കും ഏറെ ദൂരമില്ല. മാധവ് ഗാഡ്ഗില്‍ ഉയര്‍ത്തിയ പ്രകൃതിജീവനത്തിന്റെ രാഷ്ട്രീയമാണ് ഈ സിനിമയുടെ മുഖമുദ്ര.
തീരത്തു ചെന്നാല്‍ ദാഹം ശമിപ്പിക്കുന്ന പുഴ തന്നെയാണ്, ആഴത്തിലിറങ്ങിയാല്‍ നിങ്ങളുടെ ജീവനെടുക്കുന്നതുമെന്ന് വി. എസ്. ഖാണ്ഡേക്കര്‍ യയാതിയില്‍ നിരീക്ഷിച്ചിട്ടുണ്ട്.
ദുരയുടെയും, അത്യാഗ്രഹത്തിന്റേയും കുടത്തില്‍ നിന്ന് തുറന്നുവിട്ട ആസുരത പോലെ ഒറ്റമുറിയില്‍ പ്രളയം ആസുരതാണ്ഡവമാടുമ്പോള് ഓരോ പ്രേക്ഷകനും പ്രളയച്ചുഴിയില്‍ വട്ടം കറങ്ങുകയാണ്.
പ്രളയം എന്നത് നമ്മുടെ ചെയ്തിയുടെ സൃഷ്ടിയാണെന്നും, പ്ലാസ്റ്റിക്ക് മാതൃകകള്‍ ഉയര്‍ന്ന് പൊങ്ങുമ്പോള്‍ ജൈവരൂപകള് അസ്തമിക്കുമെന്ന് ഈ സിനിമ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.. ആത്മഹത്യ കുരുക്ക് പോലും പിടിവള്ളിയാകാത്ത കാലമാണ് കാത്തിരിക്കുന്നതെന്നും, ഭൂമിയിലെ മറ്റ് ജീവജാലങ്ങള്‍ പരിസ്ഥിതിയെ നോവിക്കാതെ അതിജീവിക്കുമെന്നും, ലിജു പ്രഭാകറിന്റെ വര്ണ്ണമിശ്രണം തീര്‍ത്ത സൂക്ഷ്മബിംബങ്ങളാല് സിനിമ അടയാളപ്പെടുത്തുന്നുണ്ട്.
ഗാന്ധിയന്‍ ദര്‍ശനത്തിന്റെ സമന്വയം ഈ സിനിമയോട് ഉള്‍ചേര്‍ന്ന് കിടക്കുന്നുണ്ട്...
'ഈ ഭൂമിയില്‍ നിങ്ങളുടെ ആവശ്യങ്ങളെ നിറവേറ്റാനുള്ള തെല്ലാം ഉണ്ട്. പക്ഷേ നിങ്ങളുടെ അത്യാര്‍ത്തിയെ തൃപ്തിപ്പെടുത്താനുള്ളതില്ല, എന്ന ജൈവ പാഠം.
ഒസ്ക്കാര്‍ നോമിനേഷന് നേടിയ ജെല്ലികെട്ടിന്റെ എഡിറ്ററായ ദീപു ജോസഫാണ് ഈ ചെറു സിനിമയുടെ സുന്ദര ഫ്രെയിമുകളെ കോര്‍ത്തിണക്കി നവ്യാനുഭവം തീര്‍ത്തിരിക്കുന്നത്.
കാലവും, സങ്കല്പവും, വേരു വെന്തഴുകുമ്പോഴും, തെളിഞ്ഞ മനസ്സും, ഉയര്‍ന്ന ചിന്തയും നിങ്ങള്‍ക്ക് വഴി വിളക്കാവുമെന്ന് ഈ സിനിമ തിരശ്ശീല താഴ്ത്തുമ്പോള്‍ പറഞ്ഞ് വെയ്ക്കുന്നുണ്ട്. അത് ഏത് കെട്ട കാലത്തും മനുഷ്യകുലത്തിന്റെ ദീപശിഖയാണ്. അത് തന്നെയാണ് LIB യുടെ വര്‍ത്തമാനകാലത്തേയും, ഭാവികാലത്തേയും പ്രസക്തി.
ഈ സിനിമയെ അണിയിച്ചൊരുക്കിയ എല്ലാവര്ക്കും ഹൃദയാദരങ്ങള്.
ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് പേര് ഈ ദൃശ്യവിരുന്നിനെ ഏറ്റെടുക്കുകയും; മലയാള സിനിമയിലേയും, തമിഴ് സിനിമയിലേയും, പ്രധാന നടന്മാരും സാങ്കേതിക പ്രവര്‍ത്തകരും ഈ സിനിമയെ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെയ്ക്കുകയും ചെയ്തു എന്നത് എടുത്തുപറയേണ്ടതാണ്.
കേന്ദ്രകഥാപാത്രങ്ങള്‍ക്ക് ജീവന് നല്കിയ ശിബില, ലൈല പോക്കര് ( ചെടിമുത്തി ) അഖില്‍ പ്രഭാകര്‍ , സജ്ന നജാം താടി ബ്രോ പ്രവീണ്‍ പരമേശ്വര്‍ എന്നിവരുടെ പ്രകടനങ്ങളെ പരാമര്‍ശിക്കാതെ ഈ കുറിപ്പ് പൂര്‍ണ്ണമാകില്ല .
ചലച്ചിത്ര അക്കാദമിയുടെ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് ഈ കുഞ്ഞു സിനിമയിലൂടെ നേടിയ ഹേമ.എസ്. ചന്ദ്രേടത്തില് നിന്നും, ബൈജുരാജ് ചേകവരില്‍ നിന്നും , രാകേഷ് നാരായണന്റെ ചിത്ര പേടകത്തില്‍ നിന്നും, ജാനകിയമ്മയുടെ സ്വരമാധുരിയെ ഓര്‍മ്മപ്പെടുത്തുന്ന ആലാപന സൗകുമാര്യമുള്ള പ്രശസ്ത ഗസല്‍ ഗായികയായ രമ്യയില്‍ നിന്നും മലയാള സിനിമയ്ക്ക് ഏറെ പ്രതീക്ഷിക്കാനുണ്ട്.
വരുംകാല സിനിമകള്‍ അവരില്‍ കൂടിയും അടയാളപ്പെടുത്തപ്പെടട്ടെ.
ഈ ടീമില്‍ നിന്നും മലയാള സിനിമ, കാത്തിരിക്കുന്നു.
ലക്ഷണമൊത്ത ഒരു മുഴുനീള ദൃശ്യ കാവ്യ വിസ്മയത്തിന്.
മുന്‍കൂര്‍ ആശംസകള്‍...